തിരുവനന്തപുരം: സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ. എസ്.ബലരാമാന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വന്‍ ശമ്പള വര്‍ധനവാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്.മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകളും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്.
സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 12,900 രൂപയും സീനിയര്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 13,650 രൂപയും ഹെഡ് നഴ്‌സുമാര്‍ക്ക് 15180 രൂപയും അടിസ്ഥാന ശമ്പളം നല്‍കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു.
14 ജില്ലകളിലും തെളിവെടുപ്പ് നടത്തിയശേഷമാണ് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. എസ്.ബലരാമന്‍ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.സര്‍ക്കാര്‍ ആസ്പത്രികളിലെ നഴ്‌സുമാരുടെ വേതനവുമായി തുലനപ്പെടുത്തിയാണ് സ്വകാര്യ ആസ്പത്രി നഴ്‌സുമാരുടെയും വേതനം ശുപാര്‍ശ ചെയ്തിട്ടുള്ളത്.
13,900 ആണ് ഇപ്പോള്‍ സര്‍ക്കാര്‍ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. പല സ്വകാര്യ ആസ്പത്രികളും ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാര്‍ക്കു പോലും ഇതില്‍ പകുതി ശമ്പളംപോലും നല്‍കുന്നില്ല. നഴ്‌സുമാരുടെ സ്ഥിതി അതിദയനീയമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post