റായ്പുര്‍: മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഢിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ 12 ദിവസത്തിനുശേഷം വിട്ടയച്ചു. സര്‍ക്കാറിന്റെ മധ്യസ്ഥരായ നിര്‍മല ബുച്ചും എസ്.എം. മിശ്രയും മാവോവാദികളുടെ മധ്യസ്ഥരും നാലുദിവസമായി നടത്തിയ ചര്‍ച്ചകളാണ് മോചനത്തിന് വഴി തുറന്നത്. മാവോയിസ്റ്റുകളുടെ ദക്ഷിണ ബസ്തര്‍ ഡിവിഷണല്‍ കമ്മിറ്റി ചൊവ്വാഴ്ച രാത്രി മോചനം സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുഭാഗത്തെയും മധ്യസ്ഥര്‍ കരാറില്‍ ഒപ്പുവെച്ചു. ബസ്തര്‍ മേഖലയിലെ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥത സംബന്ധിച്ചതാണ് ഇതിലൊന്ന്.
മാവോവാദികളുടെ മധ്യസ്ഥരായ ജി. ഹര്‍ഗോപാല്‍, ബി.ഡി. ശര്‍മ എന്നിവര്‍ക്കാണ് അലക്‌സ് പോള്‍ മേനോനെ കൈമാറിയത്. രാവിലെയോടെ ഇവര്‍ വനമേഖലയിലെ മാവോവാദി താവളത്തിലേക്ക് പോയിരുന്നു.
ഏപ്രില്‍ 21 നാണ് സുക്മയിലെ മാഝിപാറയില്‍ ഗ്രാമീണരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ അലക്‌സിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. പുതുതായി രൂപവത്കരിച്ച സുക്മ ജില്ലയിലെ ആദ്യകളക്ടറാണ് തമിഴ്‌നാട്ടുകാരനായ അലക്‌സ്.
Discussion about this post