കൊച്ചി: സഹകരണനിയമം അനുസരിച്ചു രൂപീകരിച്ച സഹകരണ സംഘങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നു ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിച്ചതിന്റെ കണക്കുകള്‍ നോക്കാതെതന്നെ വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി. സഹകരണ സംഘങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ തിരുവനന്തപുരം മുള്ളൂര്‍ സഹകരണ സംഘം നല്‍കിയ അപ്പീലിലാണു ജസ്റീസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, ബി.പി. റേ, പി.എന്‍. രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ ഫുള്‍ ബെഞ്ച് തള്ളി.
സഹകരണ സംഘങ്ങളില്‍ ദുര്‍ഭരണം നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചു ജനങ്ങള്‍ക്കു മനസിലാക്കാന്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമാകുന്നതു സഹായകമാകുമെന്നു കോടതി ചൂണ്ടിക്കാട്ടി. പല സഹകരണ സംഘങ്ങളിലും ഓഡിറ്റ് പോലുള്ള നടപടിക്രമങ്ങള്‍ക്കു കാലതാമസമുണ്ടാകാറുണ്ട്. ഇതു ചിലപ്പോള്‍ അഞ്ചു വര്‍ഷത്തോളം നീണ്ടുപോകുന്നു. പല സഹകരണ സംഘങ്ങളിലെയും കെടുകാര്യസ്ഥതയും ഭരണവീഴ്ചയും പുറത്തുവരാത്തത് ഓഡിറ്റിംഗിലെയും മറ്റും കാലതാമസംകൊണ്ടാണ്. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്കു വിവരങ്ങള്‍ ലഭ്യമാകുന്നതു സംഘങ്ങളിലെ ക്രമക്കേടും ദുര്‍ഭരണവും തടയാന്‍ ഉപകരിക്കും.
സംസ്ഥാന സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുന്ന സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണു സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ നല്കിയ അപ്പീല്‍ പരിഗണിക്കവേ ഈ പൊതുധനവിനിയോഗത്തെക്കുറിച്ചു വിശദമായി പരിഗണിക്കേണ്ടതിനാല്‍ അപ്പീല്‍ ഫുള്‍ബെഞ്ചിനു വിടാന്‍ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. കോ-ഓപ്പറേറ്റീവ് ആക്ട് അനുസരിച്ചു രൂപീകരിച്ച സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 2 എച്ച് പ്രകാരം പൊതുസ്ഥാപനങ്ങളാണെന്നു ഫുള്‍ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. സഹകരണസംഘങ്ങളിലെ സെക്രട്ടറിമാരാണു വിവരങ്ങള്‍ നല്‍കേണ്ടത്.
Discussion about this post