നിലമ്പൂര്‍: ജില്ലയിലെ വനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനപാലകരും പോലീസും ചേര്‍ന്ന്പരിശോധന ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിവിഷനുകളില്‍പ്പെട്ട കാളികാവ്, കരുളായി, വഴിക്കടവ്, നിലമ്പൂര്‍, എടവണ്ണ വനം റെയ്ഞ്ചുകളിലാണ് പരിശോധിച്ചത്. സംഘം ഒരുദിവസം വനത്തില്‍ തങ്ങി ചൊവ്വാഴ്ചരാത്രിയോടെ തിരിച്ചെത്തും.
നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. സി.വി. രാജന്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ആറ് സംഘങ്ങളായിട്ടാണ് തിരച്ചില്‍. ഓരോ ടീമിലും 16 മുതല്‍ 18 വരെ അംഗങ്ങള്‍ ഉണ്ട്.
കരുളായി റെയ്ഞ്ചിലെ നെടുങ്കയത്ത് നിന്ന് പുറപ്പെടുന്ന ടീം പാണപ്പുഴ, മാഞ്ചീരി എന്നിവിടങ്ങളില്‍ കറങ്ങി അന്നവിടെ താമസിക്കും. അടുത്തദിവസം പാട്ടക്കരിമ്പ് വഴി തിരിച്ചെത്തും. ചക്കിക്കുഴി ഭാഗത്ത് നിന്ന് വനത്തില്‍ കയറുന്നവര്‍ അച്ചനള, ഗജമുഖം, ഭാഗങ്ങളില്‍ പരിശോധന നടത്തും. ഒരുടീം മേപ്പാടിയില്‍ നിന്ന് വനത്തിലൂടെ താഴേയ്ക്ക് വരും.
വഴിക്കടവില്‍ നിന്ന് പുറപ്പെടുന്ന ടീം മരുത മഞ്ചക്കോട് വഴി തമിഴ്‌നാട് അതിര്‍ത്തിവരെ പോകും. വഴിക്കടവില്‍ നിന്ന് രണ്ട് ടീമുകളാണ് വനത്തിലേക്ക് പോവുക.
ടീമുകളെല്ലാം ചൊവ്വാഴ്ച തിരിച്ചുവന്നതിനുശേഷം അവലോകനയോഗം ചേര്‍ന്ന് അടുത്ത പരിശോധനാ തീയതി നിശ്ചയിക്കും.
Discussion about this post