മുംബൈ: ഭാര്യമാര്‍ സീതാദേവിയുടെ ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ബോംബെ ഹൈക്കോടതി. വനവാസകാലത്തുപോലും ശ്രീരാമന്റെ കാലടികള്‍ പിന്തുടര്‍ന്ന് 14 വര്‍ഷം വനത്തില്‍ കഴിഞ്ഞ സീതാ ദേവിയില്‍ നിന്നാണ് വിവാഹിതരായ സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളേണ്ടതെന്നും ഷിപ്പിംഗ് കോര്‍പറേഷനിലെ ജീവനക്കാരന്റെ വിവാഹമോചനക്കേസ് പരിഗണിക്കവെ ജസ്റീസ് പി.ബി.മജൂംദാര്‍, അനൂപ് മോട്ട എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 2005ല്‍ തനിക്ക് പോര്‍ട്ട്ബ്ളെയറിലേക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും തന്നോടൊപ്പം വരാന്‍ ഭാര്യ കൂട്ടാക്കുന്നില്ലെന്ന് കാണിച്ചാണ് ഇയാള്‍ വിവാഹമോചനക്കേസ് നല്‍കിയത്. ഇവര്‍ക്ക് ഒമ്പതു വയസുള്ള മകളുണ്ട്. മകളെ ഓര്‍ത്തെങ്കിലും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ പരിഗണിക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലായിരുന്നു ഭാര്യ. കേസില്‍ കോടതി ജൂണ്‍ 21ന് അടുത്ത വാദം കേള്‍ക്കും.
Discussion about this post