ന്യൂഡല്‍ഹി: എയര്‍ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങള്‍ ശനിയാഴ്ച റദ്ദാക്കി. അതിനിടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന പൈലറ്റുമാര്‍ എയര്‍ഇന്ത്യ മാനേജിങ് ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. പൈലറ്റുമാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും പ്രശ്‌നത്തില്‍ ഇരുവരും ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡില്‍പ്പെട്ട 200 ഓളം പൈലറ്റുമാരാണ് ചൊവ്വാഴ്ച മുതല്‍ സമരം ചെയ്യുന്നത്.
സമരം ചെയ്യുന്ന 25 പൈലറ്റുമാരെക്കൂടി എയര്‍ ഇന്ത്യ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. ഇതോടെ പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം 71 ആയി. ഗില്‍ഡ് ഭാരവാഹികളായ 11 പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് എയര്‍ഇന്ത്യ കത്തയച്ചിട്ടുണ്ട്. പൈലറ്റ്‌സ് ഗില്‍ഡാ ഭാരവാഹികള്‍ വ്യോമയാനമന്ത്രി അജിത്ത് സിങ്ങുമായി ചര്‍ച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്.
Discussion about this post