ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്‌ജിദിനു മുന്നില്‍ വിദേശികള്‍ക്കുനേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ചും സ്‌ഫോടനത്തെക്കുറിച്ചും ഡല്‍ഹിപ്പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ വേണ്ടിയുള്ള ഉന്നതതല യോഗവും നടന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ജുമാ മസ്‌ജിദിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരാണ് വെടിവെപ്പുനടത്തിയത്. മസ്‌ജിദ് സന്ദര്‍ശനത്തിനെത്തിയ തയ്‌വാന്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പുണ്ടായി മണിക്കൂറുകള്‍ക്കകം സമീപത്തുള്ള കാറില്‍ സ്‌ഫോടനമുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു.
മസ്‌ജിദിലെ മൂന്നാംകവാടത്തിനു 75 മീറ്റര്‍ മാത്രം അകലെ നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനമുണ്ടായത്. അക്രമത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു. അക്രമത്തിനുപയോഗിച്ച ബൈക്കിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസിന് പതിമ്മൂന്ന് ദിവസംമാത്രം ബാക്കിനില്‍ക്കെ ആതിഥേയ നഗരത്തില്‍ വിനോദസഞ്ചാരികളായ വിദേശികള്‍ക്കുനേരെ ആക്രമണമുണ്ടായത് സുരക്ഷാകേന്ദ്രങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 2008 സപ്‌തംബറില്‍ നടന്ന ഡല്‍ഹി ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിന്റെ രണ്ടാംവാര്‍ഷികദിവസമാണ് ജുമാ മസ്‌ജിദില്‍ വെടിവെപ്പുണ്ടായതെന്നത് ശ്രദ്ധേയമാണ്.
ഞായറാഴ്‌ച രാവിലെ 11.30നാണ് അക്രമം നടന്നത്. മസ്‌ജിദ് സന്ദര്‍ശിച്ചശേഷം മൂന്നാം നമ്പര്‍ ഗേറ്റിനടുത്തുനിന്ന് വിനോദസഞ്ചാരികളെത്തിയ ടെമ്പോ ട്രാവലറില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് തയ്‌വാന്‍ സംഘത്തിനുനേരെ അക്രമികള്‍ വെടിവെപ്പു നടത്തിയത്. മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ അജ്ഞാതര്‍ എട്ടു തവണ വെടിയുതിര്‍ത്തു. സെസെവിന്‍ (27), ചിനാങ്‌സ്ലോ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെടിയുണ്ട സെസെവിന്റെ തലയില്‍ ഉരസിയാണ് പോയത്. ചിനാങ്‌സ്ലോയ്‌ക്ക് വയറ്റിലാണ് വെടിയേറ്റത്.
Discussion about this post