ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ് – ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെയും സര്‍വീസില്‍ നിന്നു വിരമിച്ചവരും സര്‍വീസിലുള്ളവരുമായ മറ്റു ചിലരെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ വച്ചു. ‘സ്വകാര്യ കമ്പനിക്കു ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ നിക്ഷേപം നടത്തിയതിന് ഉദാഹരണമാണ് ഇടപാട് എന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ബഹിരാകാശവകുപ്പ് നിയമങ്ങള്‍ ലംഘിച്ചതായും മന്ത്രിസഭയില്‍ നിന്നു വിവരങ്ങള്‍ മറച്ചു വച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥരായിരുന്ന എം.ജി.ചന്ദ്രശേഖര്‍ , ഡി.വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ട്. തങ്ങളുടെ ദേവാസ് എന്ന കമ്പനിക്കുവേണ്ടി ഇവര്‍ പൊതു താല്‍പര്യവും സര്‍ക്കാര്‍ താല്‍പര്യങ്ങളും ബലികഴിച്ചതായി കുറ്റപ്പെടുത്തുന്നു. ദേവാസ് കമ്പനിക്കു പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കരാര്‍.
ഐഎസ്ആര്‍ഒ എസ്-ബാന്‍ഡ് സ്‌പെക്ട്രം കൈമാറുന്നതു സംബന്ധിച്ചണ് ദേവാസ് മള്‍ട്ടിമീഡിയയുമായി കരാറുണ്ടാക്കിയത്. രണ്ടുലക്ഷം കോടിയുടെ സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു കൈമാറിയതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയിരുന്നു.












