തിരുവനന്തപുരം: മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പ്രതികളായ കേസുകള്‍ പെരുകുന്നത് അപകടകരമായ സാഹചര്യമാണെന്ന് കോടതി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. കേസില്‍ സിബിഐയും ക്രൈംബ്രാഞ്ചും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നത് നല്ലതല്ലെന്നും കോടതി പറഞ്ഞു. ക്രൈംബ്രാഞ്ചിലെ ചില അന്വേഷണോദ്യോഗസ്ഥരെക്കൂടി ചോദ്യം ചെയ്യുന്നതോടെ കേസ് അന്വേഷണം പൂര്‍ത്തിയാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധിപറയും. അതേസമയം ഡിഐജി ശ്രീജിത്ത്, ക്രൈംബ്രാഞ്ച് എസ്പിമാരായ മുഹമ്മദ് ഫൈസല്‍, സാം ക്രിസ്റ്റി ഡാനിയല്‍ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷനിലായ ഡിവൈഎസ്പി സന്തോഷ് എം. നായര്‍ എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് തന്നെ മൂന്നു ദിവസം കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസ് അടുത്തമാസം രണ്ടിന് കോടതി പരിഗണിക്കും.
Discussion about this post