തിരുവനന്തപുരം: ഇത്തരത്തില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പിബി അംഗം സീതാറാം യെച്ചൂരിക്കുമാണ് വി.എസ് കത്തയച്ചിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നാണ് സൂചനയെന്ന് വ്യക്തമാക്കുന്ന വി.എസ്, കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചാല്‍ പാര്‍ട്ടി തകരുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കത്തില്‍ തുറന്നു വ്യക്തമാക്കുന്നു. പിണറായി വിഭാഗത്തെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുന്നില്ലെങ്കിലും സംസ്ഥാന കമ്മറ്റി പുനസംഘടിപ്പിക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ഭൂരിപക്ഷ തീരുമാനമെന്ന പേരില്‍ ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. തീരുമാനിക്കുന്നതും നടപ്പാക്കുന്നതും രണ്ടാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ തന്നോട് ആലോചിക്കുന്നില്ല. മുതിര്‍ന്ന നേതാവെന്ന നിലയില്‍ തന്നെ പരിഗണിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല. പാര്‍ട്ടിയില്‍ നിന്നും ചിലര്‍ പുറത്തുപോയത് നയപരമായ വ്യത്യാസം കാരണമാണ്. പാര്‍ട്ടിയില്‍ വലതുപക്ഷവല്‍ക്കരണം വര്‍ധിച്ചുവരികയാണ്. വലതുപക്ഷവല്‍ക്കരണത്തിന്റെ പേരിലാണ് സഖാക്കള്‍ പാര്‍ട്ടി വിടുന്നത്. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ വി.എസ് ആവശ്യപ്പെടുന്നു. അടിയന്തരമായി പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കത്തയച്ചത്. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരേ വീണ്ടും പരസ്യമായി രംഗത്തെത്തിയ വി.എസ്. കത്തയച്ചതിലൂടെ തന്റെ നിലപാടില്‍ പിന്നോട്ടുപോകാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
Discussion about this post