ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി ഉള്‍പ്പെടെ പശ്ചിമഘട്ട മലനിരകളെ അതീവ പരിസ്ഥിതി ദുരബല മേഖലയാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കണമെന്നാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നേരത്തെ തയാറായതാണെന്നും അതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരവാകാശ നിയമ പ്രകാരം തനിക്കു നല്‍കണമെന്നുമാവശ്യപ്പെട്ടു ജി. കൃഷ്ണനാണ് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മെയ് 10 നകം പരാതിക്കാരനു നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വനം- പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശം അനുസരിക്കാന്‍ വനം- പരിസ്ഥിതി മന്ത്രാലയം തയാറായില്ല. റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുന്നതു നയപരമായ കാര്യമാണെന്ന് വ്യക്തമാക്കിയ വനം- പരിസ്ഥിതി മന്ത്രാലയം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മന്ത്രാലയത്തിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഹര്‍ജി തള്ളിക്കോണ്ട് വിവരവാകാശ കമ്മീഷന്റെ തീരുമാനത്തെ ശരിവയ്ക്കുകയായിരുന്നു. റിപ്പോര്‍ട്ട് മന്ത്രായത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധികരിക്കണമെന്നും ഹര്‍ജിക്കാരനു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പൊതു ഖജനാവില്‍ നിന്ന് പണം മുടക്കിയാണ് ഇത്തരം സമിതികളെ നിയോഗിക്കുന്നതെന്നും സമിതികള്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി വക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post