തിരുവനന്തപുരം: കൊച്ചുവേളിയിലെ റെയില്‍വേ ഭൂമിയിലേക്ക് നഗരമാലിന്യം മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പ്. ഇതുമായി ബന്ധപ്പെട്ട്നാട്ടുകാരുടെ ആശങ്ക ദുരീകരിക്കുന്നതിന് ആര്‍.ഡി.ഒ. മുഹമ്മദ് മുസ്തഫ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.
റെയില്‍വേയുടെ ആവശ്യപ്രകാരം പ്ലാറ്റ്‌ഫോം നിര്‍മാണത്തിനാണ് മാലിന്യങ്ങളുപയോഗിക്കുകയെന്ന് ആര്‍.ഡി.ഒ. വ്യക്തമാക്കി. മാംസാവശിഷ്ടങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും അടച്ചിട്ട വാഹനങ്ങളിലാകും മാലിന്യം എത്തിക്കുക. ഇതിലൂടെ പ്ലാറ്റ്‌ഫോം നിര്‍മാണത്തിന് സമീപ പ്രദേശത്ത് നിന്നും വന്‍തോതില്‍ മണ്ണ് ഖനനം ചെയ്യേണ്ട അവസ്ഥ ഒഴിവാകുകയും ചെയ്യും.പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാകുന്ന പ്രവര്‍ത്തികള്‍ ഇവിടെയുണ്ടാകില്ലെന്ന് ആര്‍.ഡി.ഒ. ഉറപ്പുനല്‍കുകി. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ജലസ്രോതസുകള്‍ മലിനപ്പെടുമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആശങ്ക. എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മൂന്ന് മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ പൊക്കത്തിലുമാണ് പ്ലാറ്റ്‌ഫോമിന് വേണ്ടി ചവറും മണ്ണും നിരത്തുക. ഒരു പാളിയില്‍ ചവര്‍ നിരത്തിയ ശേഷം അതിന് മുകളില്‍ മണ്ണിടും. ഇത്തരത്തില്‍ രണ്ടോ മൂന്നോ പാളികളാക്കിയ ശേഷം പ്ലാസ്റ്റിക്കും കയര്‍മെത്തയും കൊണ്ട് പൊതിഞ്ഞ ശേഷമാകും ഇവ കോണ്‍ക്രീറ്റ് ചെയ്യുക. ശാസ്ത്രീയമായ മാര്‍ഗമാണിതെന്നും മറ്റിടങ്ങളില്‍ ഇതുപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാര്‍, നഗരസഭ പ്രതിനിധികള്‍ വ്യക്തമാക്കി.
യോഗത്തില്‍ കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടിമേയര്‍ ജി. ഹാപ്പികുമാര്‍, വി.എസ്. പദ്മകുമാര്‍, പാളയം രാജന്‍, ശ്യാംകുമാര്‍, ജോണ്‍സണ്‍ ജോസഫ്, ബോസ്‌കോ ഡിസില്‍വ, സുരേഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡി. ശ്രീകുമാര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, ശംഖുംമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്. വിമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post