ആറന്മുള: ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വിമാനത്താവളപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പള്ളിയോട -പള്ളിവിളക്ക് സംരക്ഷണസമിതിയംഗങ്ങള്‍ കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് 41 കരകളുടെ നിവേദനം സമര്‍പ്പിച്ചു.
ആറന്മുള ക്ഷേത്രവുമായി ബന്ധമുള്ള കണ്ണങ്ങാട്ട്മഠം, അരിങ്ങോട്ട്കാവ്, തെച്ചിക്കാവ്, ശ്രീഗുരുക്കന്‍കാവ്, പള്ളിമുക്കത്ത്‌ദേവീക്ഷേത്രം എന്നീ ആരാധനാലയങ്ങള്‍ക്ക് നാശം സംഭവിക്കുമെന്നതിനാല്‍ നൂറ്റമ്പതില്‍പരം ദിവസങ്ങളായി ജനങ്ങള്‍ ഈ പദ്ധതിക്കെതിരെ സമരത്തിലാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തണമെന്നും നിവേദക സംഘം അഭ്യര്‍ത്ഥിച്ചു. സുഗതകുമാരിയോടൊപ്പം പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതി ഭാരവാഹികളായ പി.ഇന്ദുചൂഡന്‍, പി.പി. വിജയന്‍നായര്‍, കെ.പി. ശ്രീരംഗനാഥന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Discussion about this post