
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ നിലവറയില്‍ അമൂല്യശേഖരങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച സുരക്ഷ നിര്‍ദേശങ്ങളെ സംബന്ധിച്ചുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ക്ഷേത്രത്തില്‍ സ്വര്‍ണവില്വം അടക്കമുള്ള അമൂല്യശേഖരങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് രണ്ടു സെക്യൂരിറ്റിക്കാരെ അധികമായി നിയമിക്കുകയും ക്ഷേത്രത്തിനു ചുറ്റും നാലു ഹൈലാമ്പ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. രാത്രി പോലീസ് പെട്രോളിംഗ് ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ വലതുഭാഗത്താണ് നിലവറ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കവാടം വലിയ കരിങ്കല്‍ പാളികൊണ്ടാണ് അടച്ചിരിക്കുന്നത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കോടികളുടെ സ്വത്ത് അടങ്ങിയ നിലവറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പോലീസ് നിരവധി സുരക്ഷാ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഭക്തരെയും ക്ഷേത്രത്തില്‍ എത്തുന്നവരെയും സുരക്ഷാ പരിശോധനയ്ക്കുശേഷമേ കടത്തിവിടാവൂ. 24 മണിക്കൂറും ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയിലൂടെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. തിരുവില്വാമലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശ്രീരാമന്റെയും ലക്ഷ്മണന്റെയും പ്രതിഷ്ഠയാണുള്ളത്. പ്രസിദ്ധമായ പുനര്‍ജനി ഗുഹയും ഇതിനടുത്താണുള്ളത്.
Discussion about this post