തിരുവനന്തപുരം: പോലീസ് സേനയില്‍ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് പോലീസ്. അവര്‍ നിയമം കൈയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ക്രമിനല്‍ കേസുകള്‍ നേരിടുന്ന 533 പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് ഡി.ജി.പി ഹൈക്കോടതിയ്ക്ക് നല്‍കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവരെല്ലാം ക്രിമിനലുകളല്ല. ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരും പട്ടികയിലുണ്ട്. എന്നാല്‍ എല്ലാവരും ക്രമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരൊ പോലീസ് കുറ്റപത്രം നല്‍കിയവരോ അല്ല.
ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഗുരുതരമായ കേസില്‍ ഉള്‍പ്പെട്ട 13 പേരെ ഇതിനകം സര്‍വീസില്‍നിന്ന് നീക്കിക്കഴിഞ്ഞു. 226 പേരെ ഡി.ജി.പി തലത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. 123 പേര്‍ വകുപ്പുതല നടപടി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ തന്നെ പിടികൂടേണ്ടതുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് നിയമവിരുദ്ധമായി ഒരാളോടും പെരുമാറില്ല. തെറ്റായ ഒരു നടപടിയും പോലീസ് സ്വീകരിക്കില്ല. നക്‌സലേറ്റുകളും മാവോവാദികളും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവരും ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരുമാണ്. അവരുടെ സമീപനം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post