പഴയങ്ങാടി (കണ്ണൂര്‍): മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ കണ്ണൂര്‍ പിലാത്തറ പീരക്കാംതടം മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ അനൂപി (32)നെ തിരുവനന്തപുരം മ്യൂസിയം സി.ഐ. അറസ്റ്റുചെയ്തു. സംഭവത്തെപ്പറ്റി പോലീസ് നല്‍കുന്ന വിശദീകരിക്കുന്നതിങ്ങനെ കാസര്‍കോട് സ്വദേശിയായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മാഹിയില്‍നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടു. ഈ ഫോണ്‍ അനൂപിനു കിട്ടി. ചാര്‍ജ് കുറവായതിനാല്‍ ഓഫായ നിലയിലായിരുന്നു ഫോണ്‍. ചാര്‍ജ് ചെയ്തപ്പോള്‍ ഇതിന്റെ ഉടമ വിളിച്ചു. ഫോണ്‍ തിരിച്ചുകൊടുക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. അനൂപിനെ അസഭ്യം പറഞ്ഞതിന്റെ പ്രതികാരം തീര്‍ക്കാനാണ് റെയില്‍വേ അലര്‍ട്ടിന്റെ നമ്പറില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതിനുശേഷം അനൂപ് ഫോണ്‍ ഉപേക്ഷിച്ചു.
വടക്കേ ഇന്ത്യക്കാരനായ ഒരാളിന് ഈ ഫോണ്‍ ലഭിച്ചു. പോലീസ് ഈ യുവാവിനെ ചോദ്യംചെയ്തങ്കിലും നിരപരാധിയാണെന്നതിനാല്‍ വിട്ടയച്ചു. അനൂപിന്റെ കൈയില്‍ ഈ ഫോണ്‍ ഉണ്ടായിരുന്നപ്പോള്‍ മറ്റൊരു ഫോണിലേക്ക് വിളിച്ചതാണ് ഇതിനു തുമ്പുണ്ടാക്കാന്‍ സൈബര്‍ പോലീസിനെ സഹായിച്ചത്.
തിരുവനന്തപുരം സി.ഐ.യും പഴയങ്ങാടി എസ്.ഐ. എം.അനിലും ബുധനാഴ്ച രാത്രി അനൂപിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞെങ്കിലും ആദ്യം നിഷേധിച്ചു. പിന്നീട് പോലീസ് തന്ത്രത്തില്‍ സ്റ്റേഷനിലെത്തിച്ചപ്പോള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു. പോലീസ് അനൂപിനെ തിരുവനന്തപുരത്തെത്തിച്ചു.
Discussion about this post