കോട്ടയം: ഓടിക്കൊണ്ടിരുന്ന തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. മുളന്തുരുത്തിയ്ക്കു സമീപമാണ് പുലര്‍ച്ചെ ഒന്നരയോടെ തീവണ്ടിയുടെ പിന്‍ഭാഗത്തെ മൂന്നു ബോഗികള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മണ്ണിടിഞ്ഞു വീണ ഉടന്‍ വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
റെയില്‍വേ സിഗ്നല്‍ മാര്‍ഷല്‍ രാജു, തിരുവന്തപുരം സ്വദേശി ബേബി, കാഞ്ഞാട് സ്വദേശി ശിവദാസന്‍ നായര്‍, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രാക്കിലേയ്ക്കു വീണ മണ്ണ് നീക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് ഇത് തടസപ്പെട്ടിട്ടുണ്ട്. അപകടത്തേത്തുടര്‍ന്ന് കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ട്രാക്കില്‍ നിന്നു മണ്ണ് നീക്കം ചെയ്യാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ കോട്ടയം- എറണാകുളം വഴി പോകേണ്ട വണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. അപകടത്തെത്തുടര്‍ന്ന് എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചര്‍. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ എന്നീ വണ്ടികള്‍ റദ്ദാക്കി.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് കോട്ടയം വരെ മാത്രമാക്കി. ചെന്നൈ-തിരുവനന്തപുരം മെയില്‍, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസ്, മുംബൈ കന്യാകുമാരി എക്പ്രസ്, തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, ബിക്കാനീര്‍ എക്സ്പ്രസ്, പാലക്കാട്-തിരുവനന്തപുരപം അമൃത എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിട്ടു.
Discussion about this post