പുതുക്കാട്: തെക്കേതൊറവ് ചിത്ര ഓട്ടുകമ്പനിക്കു സമീപം രണ്ടുപേര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എട്ടംഗ ഗുണ്ടാസംഘമാണ് പിടിയിലായത്. ഇന്ദ്രന്‍കുട്ടിയാണ് മുഖ്യപ്രതി. എല്ലാവരും മുന്‍പും കേസുകളില്‍ പിടിയിലായവരാണ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത് അഞ്ചുപേരാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
വടക്കേതൊറവ് സ്വദേശികളായ തുമ്പരപ്പിള്ളി ഗോപി(43), കിളക്കാട്ടുകാരന്‍ ജംഷീര്‍(22) എന്നിവരെയാണു ബുധനാഴ്ച അര്‍ധരാത്രി വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പുതുക്കാട്ടെ ബാറിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കൊലപാതകം.
കൊല്ലപ്പെട്ട ജംഷീറും കൂട്ടാളികളും ഇന്ദ്രന്‍കുട്ടിയുടെ സംഘാംഗങ്ങളുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. ജംഷീര്‍ ബാര്‍ കൗണ്ടറില്‍ മദ്യക്കുപ്പി അടിച്ചുപൊട്ടിച്ച് ഇന്ദ്രന്‍കുട്ടിയുടെ സംഘാംഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. കൂടാതെ ബാറിലെ കസേരകള്‍ തല്ലിത്തകര്‍ക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ ജംഷീറിന്റെ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്നാണ് ജംഷീറും ഗോപിയും ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയത്. ഇഷ്ടികക്കളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അര്‍ധരാത്രിയോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുതുക്കാട് സിഐ പി.എസ്. സുരേഷിനാണ് കേസിന്റെ അന്വേഷണച്ചുമതല.
Discussion about this post