തിരുവനന്തപുരം: സംസ്ഥാനത്തു വനം കാവലിന് വേണ്ടത്ര വനപാലകരില്ലെന്ന് വനം മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ നിയമസഭയെ അറിയിച്ചു. കൂടുതല്‍ ആളുകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 14,000 ഹെക്ടര്‍ വനഭൂമിക്ക് 32,000 വനപാലകരാണ് ഇപ്പോഴുള്ളത്. വനസംരക്ഷണത്തിനായി 700 ഓളം ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കാനുള്ള പദ്ധതി ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 10 വര്‍ഷം സര്‍വീസുള്ള ട്രൈബല്‍ വാച്ചര്‍മാരെ സ്ഥിരപ്പെടുത്തും.
കെല്‍ട്രോണുമായി സഹകരിച്ച് വനസംരക്ഷണത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്കരിക്കും. ഉള്‍വനങ്ങളില്‍ നിന്നു ചിത്രങ്ങളെടുത്ത് തത്സമയം വനംവകുപ്പിന് അയച്ചുനല്കാനുള്ള സൌകര്യം വനപാലകര്‍ക്ക് ലഭ്യമാക്കും. മറയൂരിലെ ചന്ദനമരങ്ങളില്‍ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിക്കും. അതിലൂടെ മരങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ചലനങ്ങള്‍പോലും മനസിലാക്കുന്നതിന് സാധിക്കും.
കാട്ടുതീ തടയുന്നതിന് ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും. വനംവകുപ്പിനോടനുബന്ധിച്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് സജ്ജമാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തനിടയില്‍ 6055.567 ഹെക്ടര്‍ വനപ്രദേശത്ത് കാട്ടുതീ ഉണ്ടായിട്ടുണ്ട്. പക്ഷേ, വനം നശിച്ചിട്ടില്ല. കാട്ടുതീയില്‍ 85 ശതമാനം പ്രദേശവാസികളും തോട്ടമുടമകളും കൃത്രിമമായി ഉണ്ടാക്കുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വനദീപ്തി എന്നപേരില്‍ സ്വാഭാവിക വനവത്കരണ പരിപാടി ആരംഭിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
Discussion about this post