ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ പതിനെട്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വന്‍വിജയം. ഫലം പ്രഖ്യാപിച്ച പതിനാലു സീറ്റില് പതിമൂന്നു സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. നര്‍സാപൂര്‍ മണ്ഡലമാണ് കോണ്‍ഗ്രസിനു ജയിക്കാനായ ഏക സീറ്റ്. ഉപതിരഞ്ഞെടുപ്പ് നടന്ന നെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ ജയിലിലടച്ച ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായ സഹതാപ തരംഗമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിലേക്ക് നയിച്ചത്.
ജഗന്റെ പാര്‍ട്ടിക്ക് 16-18 സീറ്റു വരെ കിട്ടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. 79.52 % റെക്കോര്‍ഡ് പോളിങ് ആണ് ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. അതേസമയം, ഇന്നത്തെ ഉപതിരഞ്ഞെടുപ്പു വിജയം ജഗന് അനുകൂലമായതിനാല്‍ കോണ്‍ഗ്രസില്‍ നിന്നു വലിയൊരു കൊഴിഞ്ഞുപോക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു. പ്രധാന പ്രതിപക്ഷമായ തെലുങ്കു ദേശം പാര്‍ട്ടിക്കും സംസ്ഥാന രാഷ്ട്രീയത്തില്‍ മൂന്നാമതൊരു പാര്‍ട്ടി വരുന്നത് വെല്ലുവിളിയാണ്.
Discussion about this post