തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 17 അടി വെള്ളം മാത്രമാണ് ഉല്‍പാദനത്തിനായി അവശേഷിക്കുന്നത്.
ഒരാഴ്ച കൂടി മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതോല്‍പാദനത്തിന്റെ അളവ് പകുതിയിലധികമായി കുറയ്‌ക്കേണ്ടി വരും.
ലോഡ്‌ഷെഡിങ് പിന്‍വലിച്ചതോടെ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ചിരുന്നു. ജൂണ്‍ ആദ്യം തന്നെ കാലവര്‍ഷമെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മേയ് 25 മുതല്‍ വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ പ്രതിദിനം ശരാശരി 9 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ പ്രതിദിനം 1.85 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് കഴിഞ്ഞ പത്ത് ദിവസമായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതായത് ആവശ്യമുള്ളതിന്റെ 15% മാത്രം.
ഇപ്പോള്‍ 2299 അടിവെള്ളമാണ് ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലുമായുള്ളത്. ഇതില്‍ നിന്നും 17 അടി വെള്ളം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതിനുശേഷവും ഉപയോഗിച്ചാല്‍ പവര്‍ഹൗസില്‍ ചെളികയറുന്നതിന് ഇടയാകും. ഇപ്പോഴത്തെ അളവില്‍ ഉല്‍പാദനം തുടര്‍ന്നാല്‍ 15 ദിവസത്തിനുള്ളില്‍ ഈ നിരപ്പിലേക്കു വെള്ളമെത്തുമെന്നാണ് മൂലമറ്റം പവര്‍ഹൗസിലെ ജനറേഷന്‍ വിഭാഗം കണക്കുകൂട്ടുന്നത്. അതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മഴ ലഭിച്ചില്ലങ്കില്‍ ഉല്‍പാദനം പകുതിയിലധികം കുറയ്ക്കാനും ആലോചിക്കുന്നുണ്ട്.
Discussion about this post