കണ്ണൂര്‍: കേരളത്തിലെ ജയിലുകളില്‍നിന്ന് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും ചുവരെഴുത്തുകളും സ്മാരകങ്ങളും നീക്കം ചെയ്യുന്നതിന് നടപടി ആരംഭിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവ ഉടനെ നീക്കാന്‍ ജയില്‍ എ.ഡി.ജി.പി. ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്തെ ജയിലുകളിലെല്ലാംകൂടി രാഷ്ടീയ നേതാക്കളുടെയും ദൈവങ്ങളുടെയും സിനിമാ താരങ്ങളുടേതുമായി അഞ്ഞൂറോളം ചിത്രങ്ങളുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ 350 എണ്ണവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ദൈവങ്ങളുടേത് ഒഴിച്ചുള്ള മറ്റുചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്യുക.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മെയ് 21ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ജയിലിനുള്ളില്‍ രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ പതിച്ചിട്ടുള്ള വിവരം പുറത്തുവന്നത്. സെന്‍ട്രല്‍ ജയിലില്‍ സി.പി.എം. തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്കിന്റെ ചുമരുകളില്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവരുടെ ബഹുവര്‍ണ ചിത്രങ്ങളാണുള്ളത്.
എ.പി.അബ്ദുള്ളക്കുട്ടിയുടെയും നടി റീമ കല്ലിങ്കലിന്റെയും ചിത്രങ്ങളുമുണ്ടായിരുന്നു. എട്ടാം ബ്ലോക്കിലേക്കുള്ള പ്രവേശനവഴിയില്‍ ‘കോമ്രേഡ് വി.ജി.ബാബുവിന്റെ സ്മരണയ്ക്ക്’ എന്നെഴുതിയ ചുവപ്പന്‍ സിമന്‍റ് ബെഞ്ചുമുണ്ട്. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിന്റെ ചുമരുകളില്‍ നേതാക്കളുടെ ചിത്രങ്ങളും ചിഹ്നങ്ങളും വരയ്ക്കുകയും മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തകാര്യവും പുറത്തുവന്നു.
എ.ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരമാണ് ജയിലുകളിലെ ചിത്രങ്ങളുടെ കണക്കെടുത്തത്. ജയിലുകളില്‍ ഇന്ദിരാഗാന്ധിയുടെയും ഹൈന്ദവ ദൈവങ്ങളുടെയും ക്രിസ്തുവിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രങ്ങളും ഖുറാന്‍ സൂക്തങ്ങളും ഉണ്ടെന്നും വ്യക്തമായി. ജയിലിലെ ചിത്രങ്ങള്‍ തടവുകാരുടെ കലാസൃഷ്ടികളാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതോടെ സംഭവം കൂടുതല്‍ വിവാദമായി.
ജയിലില്‍ ചിത്രങ്ങള്‍ വയ്ക്കാമോ ഇല്ലയോ എന്നതിനെക്കുറിച്ച് ജയില്‍ചട്ടങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇവ നീക്കംചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് വേണമെന്ന് എ.ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണിപ്പോള്‍ ആഭ്യന്തര വകുപ്പ് പാര്‍ട്ടിനേതാക്കളുടെ ചിത്രങ്ങളും ചുമരെഴുത്തുകളുംമറ്റും നീക്കാന്‍ ഉത്തരവിട്ടത്. രാഷ്ട്രപിതാവിന്റെതുള്‍പ്പെടെ വെക്കാന്‍ അനുമതിയുള്ള ചിത്രങ്ങള്‍ നീക്കംചെയ്യില്ല.
ചിത്രങ്ങളുംമറ്റും നീക്കിയശേഷം ജയില്‍ ചുമരുകള്‍ വെള്ളയടിക്കും. സംസ്ഥാനത്തെ ജയിലുകളുടെ ചുമര്‍ വെള്ളയടിച്ചിട്ട് 30 വര്‍ഷത്തിലധികമായി.
Discussion about this post