കോട്ടയം: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപകടം നടന്ന 100 ദിവസത്തോട് അടുക്കാറാകുമ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ ആളുകളെ തിരിച്ചറിയാനും കൈകളും കാലുകളും ചലിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സംസാരിക്കാറായിട്ടില്ല. പരസഹായത്തോടെ വീല്‍ ചെയറില്‍ മുറിയിലൂടെ സഞ്ചരിക്കുന്ന ജഗതി ശ്രീകുമാര്‍ ചെറിയ തോതില്‍ ഭക്ഷണവും കഴിക്കുന്നുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ ട്യൂബിലൂടെയും അല്ലാത്തവ സ്പൂണില്‍ കോരിയുമാണ് കഴിക്കുന്നത്.
മാര്‍ച്ച് 10 പുലര്‍ച്ചെ കോഴിക്കോട് ദേശീയ പാതയില്‍ തേഞ്ഞിപ്പാലത്തിനു സമീപം ചളാരി പാണബ്രയിലാണ് അപകടമുണ്ടായത്. ജഗതി ശ്രീകുമാര്‍ സഞ്ചരിച്ചിരുന്ന ഇന്നോവാ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന സിനിമയുടെ ഷൂട്ടിംഗിനായി കുടകിലേക്കു പോകുകയായിരുന്നു. അപകടത്തില്‍ തലയക്കും നെഞ്ചിനും വയറിനും ആന്തരിക അവയങ്ങള്‍ക്കും നല്ല ക്ഷതം സംഭവിച്ച ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികത്സിച്ചു വന്നിരുന്നത്. അടിവയറ്റിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. തലച്ചോറിലേക്കുള്ള രക്തകുഴലില്‍ തടസം ഉണ്ടാകുകയും തല ച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുകയും ചെയ്തതിനാല്‍ അപകടം ഉണ്ടായ സമയം മുതല്‍ ജഗതി ശ്രീകുമാര്‍ അബോധാവസ്ഥയിലായിരുന്നു.
അപകട നില തരണം ചെയ്തതിനെ തുടര്‍ന്ന് ന്യൂ റോ സംബന്ധമായ വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ഏപ്രില്‍ 12-ന് വെല്ലൂരിലേക്കു കൊണ്ടുപോയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗം തലവന്‍ ഡോ. മാത്യു അലക്സാണ്ടര്‍, ഡോ. ജോര്‍ജ് തര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ജഗതിയെ ചികിത്സിക്കുന്നത്. രാവിലെ മുതല്‍ തുടര്‍ച്ചയായുള്ള ഫിസിയോ തറാപ്പി, രക്തം കട്ടപിടിച്ചിരിക്കുന്നത് മാറാനുള്ള കുത്തിവയ്പുകളും മരുന്നുകളും എന്നിവയാണ് ഇപ്പോള്‍ നല്കുന്നത്. രണ്ടു മാസത്തെ ചികിത്സയോടെ സംസാരശേഷി ഉള്‍പ്പെടെ ശരീരത്തിന്റെ പൂര്‍ണ ചലനവും വീണ്െടടുക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ, മക്കളായ പാര്‍വതി, രാജു, മരുമക്കളായ ഷോണ്‍ ജോര്‍ജ് (ചാക്കോച്ചന്‍), പിങ്കി, ഭാര്യാ സഹോദരന്‍ ശ്രീകുമാര്‍, 30 വര്‍ഷമായി ജഗതി ശ്രീകുമാറിനൊപ്പമുള്ള ഡ്രൈവര്‍ വിജയന്‍ എന്നിവരാണ് ശുശ്രുഷയുമായി കൂടെയുള്ളത്.
നടീനടന്‍മാരും സംവിധായകരും ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ എല്ലാവരും ഫോണിലൂടെ ജഗതിയുടെ ആരോഗ്യനില ചോദിച്ചറിയാറുണ്ട്. എപ്പോഴും കൂടെയുള്ള മരുമകന്‍ ഷോണാണ് ചലച്ചിത്ര പ്രവര്‍ത്തകരുമായി സംഭാഷണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരും ചികിത്സയ്ക്കു വേണ്ട സഹായങ്ങള്‍ നല്കുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജഗതിയുടെ ചികിത്സാ കാര്യങ്ങളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
Discussion about this post