കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചു എന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ ചോദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരം കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു ചോദ്യം ചെയ്തത്. വീട്ടില്‍ സൂക്ഷിച്ച ആനക്കൊമ്പ് തന്റേതല്ലെന്നും ഒരു സുഹൃത്ത് സൂക്ഷിക്കാനേല്‍പ്പിച്ചതാണെന്നുമാണു മോഹന്‍ലാല്‍ മൊഴി നല്കിയത്. ഇപ്പോള്‍ തൃശൂരില്‍ താമസിക്കുന്ന കൃഷ്ണകുമാര്‍ എന്നയാളുടെ ആനയുടെ കൊമ്പാണിത്.
ഇയാള്‍ക്കു വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ കരാര്‍ വ്യവസ്ഥയില്‍ ഏല്പ്പിക്കുകയായിരുന്നെന്നു മോഹന്‍ലാല്‍ പറഞ്ഞു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ കൃഷ്ണകുമാറിനു ലൈസന്‍സുണ്ട്. എന്നാല്‍, മോഹന്‍ലാലിനു ലൈസന്‍സുണ്ടോയെന്ന കാര്യം അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടില്ല. മൊഴിയുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ഡിജിപിക്കു കൈമാറും.
ആനക്കൊമ്പ് കൈവശം വച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ ഡിജിപിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു മോഹന്‍ലാലിനെ ചോദ്യം ചെയ്തത്. അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു ഡിജിപി നിര്‍ദേശം നല്കിയിരുന്നു. കമ്മീഷണറാണു തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
ആദായനികുതി വകുപ്പ് 2011 ജൂലൈ 22നു മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പു കണ്ടെടുത്തത്. തുടര്‍ന്നു വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നതു യഥാര്‍ഥ ആനക്കൊമ്പാണെന്നു കണ്ടെത്തിയിരുന്നു.
ആനക്കൊമ്പ് സൂക്ഷിക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെ മോഹന്‍ലാലിനെതിരെ വനം വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അനില്‍കുമാര്‍ ഡിജിപിക്കു പരാതി നല്കിയത്.
Discussion about this post