തിരുവനന്തപുരം: ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം പിഎസ്‌സിയില്‍ ഉദ്യാഗാര്‍ഥികള്‍ ഒരുതവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. തുടര്‍ന്നു നേടുന്ന യോഗ്യതകളും മാറ്റങ്ങളും പ്രൊഫൈലിലൂടെ രേഖപ്പെടുത്താവുന്നതാണ്.
ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ആദിവാസി മേഖലകളില്‍ പദ്ധതി കാര്യക്ഷമമല്ലെന്നു മനസിലാക്കുന്നു. ഇതു മറികടക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. പിഎസ്‌സിയുമായി ബന്ധപ്പെട്ട് അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കും.
പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഒരു റിവ്യൂ കമ്മിറ്റി ചേരുകയുണ്ടായി. ഞെട്ടിക്കുന്ന വിവരങ്ങളാണ് കമ്മിറ്റിയില്‍ വെളിവായത്. 1997ല്‍ റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റില്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പോരായ്മകള്‍ സംബന്ധിച്ച് പിഎസ്‌സിയുമായി സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തും. അതിനു ശേഷം റിവ്യൂ കമ്മിറ്റി വീണ്ടും ചേരും.
നിയമനങ്ങളുടെ കാര്യത്തില്‍ പിഎസ്‌സിയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ കാലതാമസം അന്വേഷിക്കും. സര്‍ക്കാര്‍ ഇതിനെ വളരെ ഗൗരവമായാണു കാണുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതും സ്വീകരിക്കും. പിഎസ്‌സിക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ട്. പിഎസ്‌സിയും അവസരത്തിനൊത്ത് ഉയരണം. പിഎസ്‌സിയില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ പിഎസ്‌സിക്കു തന്നെ നികത്താവുന്നതാണ്. പിഎസ്‌സി ആവശ്യപ്പെട്ട പുതിയ തസ്തികകളെക്കുറിച്ചു സര്‍ക്കാര്‍ പരിശോധിക്കും.
ജില്ലാ താലൂക്ക് തലങ്ങളില്‍ പിഎസ്‌സി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. ഒഴിവുകള്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഒരു വര്‍ഷത്തിനകം നടപടി സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശം വച്ചിട്ടുണ്ട്. 2011 മേയ് ഒന്നു മുതല്‍ 2012 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 48,993 തസ്തികകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയില്‍ നടപടി സ്വീകരിച്ചു വരികയാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post