തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന് ന്യായവില ഏര്‍പ്പെടുത്തുന്നതിനായി കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭക്ഷ്യവില ഏകീകരിക്കാന്‍ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടല്‍ നടപടിയ്ക്ക് കൂടുതല്‍ ശക്തി പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഹോട്ടലുകളില്‍ ഭക്ഷണത്തിന് ദിനംപ്രതി വില കൂട്ടുകയാണെന്ന് കോടതി ബുധനാഴ്ച പറഞ്ഞിരുന്നു. അന്യായവും ഏകപക്ഷീയവുമായ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ ഉചിതമായ സംവിധാനം കൊണ്ടുവരണമെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ നിര്‍ദേശിച്ചു. ഭരണഘടന അനുവദിക്കും വിധമുള്ള നിയമം ആവശ്യമാണെന്ന കാര്യം നിയമ നിര്‍മാതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലായ്‌പോഴും ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരുന്ന, നഗരങ്ങളില്‍ വന്നുപോകുന്ന സാധാരണക്കാര്‍ക്ക് നീതിപൂര്‍വമായ വിലയ്ക്ക് ഭക്ഷണം കിട്ടണം. ഹോട്ടലുകള്‍ ഉപഭോക്താക്കളെ അന്യായമായി ചൂഷണം ചെയ്യുന്നത് തടയണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു കാണിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഹോട്ടല്‍ ഭക്ഷണവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ കേരള കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഹര്‍ജി നല്‍കിയിരുന്നു. ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമാവശ്യപ്പട്ടാണ് ഹോട്ടലുടമ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post