മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. തീപടര്‍ന്ന നാലാം നിലയില്‍നിന്ന് ഉടനെത്തന്നെ ജീവനക്കാരെയും ജനങ്ങളെയും ഒഴിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ 16 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ആറ് പേരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. മന്ത്രി ബാബനാരോ പാച്ച്പുത്തെയുടെ ഓഫീസില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നതായി അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കും തീ പടര്‍ന്നു.
6 ഫയര്‍ എഞ്ചിനുകളാണ് തീയണക്കുന്നതിനായി പ്രവര്‍ത്തിച്ചത്. ഏഴു നിലയുള്ള കെട്ടിടത്തില്‍ തീപടരുമ്പോള്‍ മുന്നൂറോളം പേര്‍ ഉണ്ടായിരുന്നു. അതേസമയം അട്ടിമറിശ്രമമാണോ നടന്നത് എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് തീപിടുത്തമുണ്ടായത്.
Discussion about this post