തിരുവനന്തപുരം: മരുന്നു വിതരണ കമ്പനികളുടെ ചൂഷണം വ്യാപകമാകുകയും മരുന്നു കമ്പനികളെ നിയന്ത്രിക്കേണ്ട ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നോക്കുകുത്തിയാകുകയും ചെയ്തതിനെത്തുടര്‍ന്നു ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ വീണ്ടും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നു.
മരുന്നുകളുടെ നിയന്ത്രണത്തിനായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനു ചില പ്രത്യേക അധികാരങ്ങള്‍ നല്കിക്കൊണ്ടു നിയമനിര്‍മാണം നടത്തുന്നതും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കണമെന്ന നിയമസഭാ സമിതിയുടെ ശിപാര്‍ശയെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നടപടി ആരംഭിച്ചത്.
ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കിയശേഷം ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ 65 ജീവനക്കാര്‍ മാത്രമാണു ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലുള്ളത്.
സാങ്കേതിക ജീവനക്കാരുടെ എണ്ണമാണു വര്‍ധിപ്പിക്കുന്നത്. 151 മരുന്നു നിര്‍മാണ കമ്പനികളും 17,000 മെഡിക്കല്‍ സ്റോറുകളും ഉള്‍പ്പെടെ 20,000-ത്തോളം സ്ഥാപനങ്ങള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍, ഇവയിലെല്ലാം പരിശോധന നടത്താന്‍ വേണ്ട സംവിധാനം ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിനില്ല.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലബോറട്ടറികള്‍ തുറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
ഇതോടൊപ്പം മരുന്നു വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ ശക്തിപ്പെടുത്തണമെന്നു നിര്‍ദേശിക്കുന്നുണ്െടങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Discussion about this post