ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു തമിഴ്‌നാട്ടിലെ കമ്പം മേഖലയിലേക്ക് ഇന്നുമുതല്‍ ജലസേചന ആവശ്യത്തിനു വെള്ളം തുറന്നുവിടും. വര്‍ഷത്തില്‍ രണ്ടുതവണ കൃഷി നടത്തുന്നവര്‍ക്ക് ആദ്യകൃഷിക്കു വെള്ളമെത്തിക്കാനാണ് അണ തുറന്നുവിടുന്നതെന്നു മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള പത്രക്കുറിപ്പില്‍ പറയുന്നു. 120 ദിവസത്തേക്ക് 200 ഘനയടി വെള്ളമാണ് അനുവദിക്കുന്നത്.
മുന്‍വര്‍ഷത്തില്‍നിന്നു വ്യത്യസ്തമായി 20 ദിവസം വൈകിയാണ് ഇത്തവണ മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം തുറന്നുവിടുന്നത്. വേനല്‍മഴയും കാലവര്‍ഷവും ദുര്‍ബലമായതിനാല്‍ ജൂണ്‍ അവസാനവാരത്തിലേക്കു കടന്നിട്ടും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കാര്യമായ മഴ ലഭിച്ചിട്ടില്ല. 400 ഘനയടി വെള്ളം ലഭിച്ചിരുന്ന സ്ഥാനത്തു 305 ഘനയടി വെള്ളമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
അണക്കെട്ടിലേക്ക് ഓരോ സെക്കന്‍ഡിലും 120 ഘനയടി വെള്ളം മാത്രമാണ് ഒഴുകിയെത്തുന്നത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ 1.2 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 112 അടിയാണ്. ജലനിരപ്പ് 115 അടി പിന്നിടുമ്പോള്‍ വെള്ളം തുറന്നുവിടാനാണു പദ്ധതിയിട്ടിരുന്നതെങ്കിലും കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ഷട്ടര്‍ തുറക്കാന്‍ ജയലളിത നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നു രണ്ടിനു പ്രത്യേക പൂജകള്‍ക്കുശേഷമായിരിക്കും തമിഴ്‌നാട്ടിലേക്കുള്ള കനാലിനു കുറുകെ തേക്കടി ചെക്ക്‌പോസ്റ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഷട്ടര്‍ തുറക്കുക. ഉത്തമപാളയം, ബോധി താലൂക്കുകളില്‍പെട്ട 14,707 ഏക്കര്‍ കൃഷിഭൂമിയിലേക്കു വെള്ളം ലഭിക്കും.
അണക്കെട്ടിലുണ്ടായിരുന്ന ബോര്‍ഹോളുകള്‍ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് അധികൃതര്‍ അടച്ചിരുന്നു. തമിഴ്‌നാട് പൊതുമരാമത്തു സെക്രട്ടറി സായ്കുമാര്‍ ഇന്ന് അണക്കെട്ടു സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.
Discussion about this post