റാന്നി: ശബരിമല പാതകളുടെ പുനരുദ്ധാരണത്തിന് ഒരുക്കം തുടങ്ങി. തീര്‍ഥാടന പാതകളുടെയും അനുബന്ധ പാതകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ഏഴര കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. താലൂക്കില്‍ മണ്ണാരക്കുളഞ്ഞി-ചാലക്കയം, കണമല-ഇലവുങ്കല്‍, മന്ദിരം-വടശേരിക്കര, കോഴഞ്ചേരി- മേലുകര-റാന്നി, ചെറുകോല്‍പ്പുഴ-റാന്നി, പുനലൂര്‍-മൂവാറ്റുപുഴ, വടശേരിക്കര-ചിറ്റാര്‍-സീതത്തോട്-ആങ്ങമൂഴി, പ്ലാപ്പള്ളി-ആങ്ങമൂഴി, ചെത്തോങ്കര-അത്തിക്കയം, മുക്കട-ഇടമണ്‍-അത്തിക്കയം, പെരുനാട്-അത്തിക്കയം എന്നീ പാതകളാണ് ശബരിമല റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പാതകളിലൊന്നും ഇത്തവണ റീടാറിങ് ഇല്ല. അറ്റകുറ്റപ്പണി മാത്രം നടത്താനാണു തീരുമാനം. ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ റീടാറിങ് പൂര്‍ത്തിയാക്കാനാകില്ലെന്നു കണ്ടാണ് അറ്റകുറ്റപ്പണി മാത്രം നടത്തുന്നത്. തീര്‍ഥാടനത്തിനു ശേഷം തിരഞ്ഞെടുത്ത റോഡുകളില്‍ റീടാറിങ് നടത്തും. തീര്‍ഥാടന പാതകളിലെ കാടു തെളിക്കല്‍, പെയ്‌ന്റിങ് എന്നീ ജോലികള്‍ക്കും അടുത്തു തന്നെ കരാര്‍ ഉറപ്പിക്കും.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് ഇത്തരം ജോലികളും പൂര്‍ത്തിയാക്കണമെന്നാണു ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ റോഡ് പണി തുടങ്ങാനാണു നീക്കം. ഇതിനായി മെറ്റല്‍ ഇറക്കി തുടങ്ങി. ഹൈക്കോടതി നിയമിച്ച ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ പരിശോധനയ്‌ക്ക് എത്തും മുന്‍പു മെറ്റല്‍ സപ്ലൈ പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്കു പൊതുമരാമത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറും ഇടയ്‌ക്കു പരിശോധനയ്‌ക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി നേരിട്ടെത്തുമെന്നും സൂചനയുണ്ട്.
Discussion about this post