ന്യൂഡല്‍ഹി: അഴിമതിയാരോപണത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി വീര്‍ഭദ്രസിങ് രാജിവച്ചു. കേന്ദ്രമന്ത്രിസഭയിലെ ചെറുകിടവ്യവസായ മന്ത്രിയും ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഉന്നത കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിങ്ങിനെതിരെ അഴിമതിക്കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. 23 വര്‍ഷം പഴക്കമുള്ള കേസില്‍ സിങ്ങിനും ഭാര്യയ്ക്കുമെതിരെ അഴിമതി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. രാജിക്കത്ത് പ്രധാനമന്ത്രി സ്വീകരിക്കുകയും രാഷ്ട്രപതിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഗൂഢാലോചനയും അഴിമതിയും നടത്തിയതിന് മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യത്തിന് തെളിവുകളുണ്ടെന്ന് ഷിംലയിലെ പ്രത്യേകകോടതി ജഡ്ജി ബി.എല്‍ സോണി വ്യക്തമാക്കി.
1989-ല്‍ സിങ് ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐ.എ.എസ് ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ ലാലും മറ്റു ചില വ്യവസായികളുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ സി.ഡി പുറത്തുവന്നത് വന്‍വിവാദത്തിനിടയാക്കി. മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രായായിരുന്ന വിജയ് സിങ് മങ്കോട്ടിയയാണ് സി.ഡി പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് 2009 ആഗസ്ത് മൂന്നിന് വീര്‍ഭദ്രസിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2010 ഒക്ടോബറില്‍ അദ്ദേഹത്തിനും ഭാര്യക്കുമെതിരെ പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുകയോ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയോ വേണമെന്ന് ആവശ്യപ്പെട്ട് വീര്‍ഭദ്രസിങ് സമര്‍പ്പിച്ച ഹര്‍ജി ഹിമാചല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Discussion about this post