ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എയുടെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി പത്രിക നല്‍കി. രാവിലെ പതിനൊന്നോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെയും മുതിര്‍ന്ന മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്. നാലു സെറ്റ് പത്രികകളാണ് പ്രണബ് സമര്‍പ്പിച്ചത്.
സഖ്യകക്ഷി നേതാക്കളായ ശരദ്പവാര്‍ (എന്‍.സി.പി.), ടി.ആര്‍. ബാലു (ഡി.എം.കെ.), ഫാറൂഖ് അബ്ദുള്ള (നാഷണണ്‍ കോണ്‍ഫറന്‍സ്), മുസ്‌ലിംലീഗ് അധ്യക്ഷന്‍ ഇ. അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ്ങും എത്തിയിരുന്നു.
യു.പി.എ.യുടെ മുഖ്യസഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രണബിനെ അനുകൂലിക്കുന്നില്ലെങ്കിലും സി.പി.എമ്മിന്റെയും എന്‍.ഡി.എ. സഖ്യകക്ഷികളായ ജെ.ഡി.-യു.വിന്റെയും ശിവസേനയുടെയും ഉത്തര്‍പ്രദേശിലെ എസ്.പി., ബി.എസ്.പി. പാര്‍ട്ടികളുടെയും പിന്തുണയോടെ അദ്ദേഹം ഇതിനകം വിജയം ഉറപ്പിച്ചിട്ടുണ്ട്. ബി.ജെ.പി. പിന്തുണയ്ക്കുന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി പി.എ. സങ്മയാണ് എതിര്‍ സ്ഥാനാര്‍ത്ഥി.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥനയുമായി പ്രണബ് ശനിയാഴ്ച പ്രചാരണ പരിപാടി ചെന്നൈയില്‍നിന്ന് ആരംഭിക്കും.
Discussion about this post