കോഴിക്കോട്: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സിപിഎം നേതാവ് എളമരം കരീം പറഞ്ഞു.
മോഹനനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നു കരീം ആരോപിച്ചു. ആഭ്യന്തര മന്ത്രി ഇതിന് മറുപടി പറയണം. ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ദാസ്യവേല ചെയ്യുകയാണ്. മോഹനനെ അറസ്റ്റു ചെയ്ത രീതി ശരിയായില്ല. അദ്ദേഹത്തെ അറസ്റ്റു ചെയ്തത് തീവ്രവാദിയെ വളഞ്ഞിട്ട് പിടിക്കുംപോലെ നാടകീയമായിട്ടാണ്.
ഇത് സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ്. പൊലീസുകാരും ഇതിന് കൂട്ടുനില്‍ക്കുന്നു. അഴിമതി ആരോപണത്തില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള യുഡിഎഫിന്റെ ശ്രമമാണ് അറസ്‌റ്റെന്നും എളമരം കരീം ആരോപിച്ചു. നിരോധിക്കപ്പെട്ട സംഘടനയോടു പെരുമാറുന്നതുപോലെയാണ് പൊലീസ് സിപിഎമ്മിനോടു പെരുമാറുന്നതെന്നും കരീം കൂട്ടിച്ചേര്‍ത്തു.
Discussion about this post