ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തില്‍ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന നടപ്പന്തല്‍ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. അഡ്വക്കറ്റ് കമ്മീഷണര്‍ എ.എസ്.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. സിസിലി, കെ.വി. പത്മനാഭന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ആര്‍. അനിത, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ കെ. രവികുമാര്‍, മാസ്റ്റര്‍ പ്ലാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍.എസ്. വാധ്യാര്‍, ജനറല്‍ കണ്‍വീനര്‍ കെ.എന്‍. ശ്രീകുമാര്‍, അസി. ദേവസ്വം കമ്മീഷണര്‍ സുഭാഷ് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.എന്‍. നാരായണന്‍, അസി. എന്‍ജിനിയര്‍ വേണുഗോപാലന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എ. രാധികാദേവി എന്നിവര്‍ പ്രസംഗിച്ചു.
ഒരുലക്ഷം രൂപയ്ക്കുമേല്‍ ചെലവാകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി വേണമെന്ന കോടതി നിര്‍ദേശം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വികസനത്തെ മന്ദീഭവിപ്പിച്ചിരുന്നതായി പ്രസിഡന്റ് അഡ്വ.എം. രാജഗോപാലന്‍ നായര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നടന്ന ചില ക്രമരഹിതമായ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഇതുമൂലം വികസനപ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുന്ന സാങ്കേതിക തടസം നിലവിലുള്ള ബോര്‍ഡ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതോടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശം പിന്‍വലിച്ചതായി അദ്ദേഹം പറഞ്ഞു.
നടപ്പന്തല്‍ നിര്‍മാണത്തിനുള്ള 1.27 കോടി രൂപ ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍നിന്നു നല്‍കുകയാണ്. ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടി രൂപയുടെ എസ്റ്റിമേറ്റാണുള്ളത്. നടപ്പന്തല്‍, ആസ്ഥാനമണ്ഡപത്തിന്റെ ജീര്‍ണത മാറ്റി ചെമ്പു മേഞ്ഞ് തറ കരിങ്കല്‍ പാകുക, കുളപ്പുര മാളിക നിര്‍മാണം, വഴിപാട് കൗണ്ടറിന്റെയും ആനച്ചമയങ്ങള്‍ സൂക്ഷിക്കുന്ന ഹാളിന്റെയും നിര്‍മാണം എന്നിവയാണ് അദ്യഘട്ടത്തിലുള്ളത്. പ്രാഥമിക എസ്റ്റിമേറ്റ് 11 കോടിയുടേതാണെങ്കിലും നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും 50 കോടിയോളം ചെലവാകുമെന്നും ഇതിനു ഭക്തരുടെ സഹായംകൂടി വേണമെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Discussion about this post