ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ 57 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സമരം നടത്തിയ പൈലറ്റുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും പിരിച്ചുവിട്ട നൂറോളം പൈലറ്റുമാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നകാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും എയര്‍ ഇന്ത്യാ മാനേജ്‌മെന്റ് ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് പൈലറ്റ് ഗില്‍ഡ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
സമരത്തില്‍ പങ്കെടുത്ത 434 പൈലറ്റുമാര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കും. സമരത്തെത്തുടര്‍ന്ന് പിരിച്ചുവിട്ട 101 പൈലറ്റുമാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നകാര്യം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്.
പൈലറ്റുമാരുടെ സമരം മൂലം എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം പത്തു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 600 കോടി രൂപയാണ് ഇതുവരെയുള്ള ആകെ നഷ്ടം. മേയ് ഏഴു മുതലാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിംഗ് ഡ്രീംലൈനര്‍ വിമാനം പറത്തുന്നതിന് പരിശീലനം നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം.
എയര്‍ഇന്ത്യയുടെ പുതിയ ഡ്രീംലൈനറിന്റെ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് പഴയ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെയാണ് പൈലറ്റുമാരുടെ സമരം സാരമായി ബാധിച്ചത്.
Discussion about this post