ന്യൂഡല്‍ഹി: ഐസ്ക്രീം കേസില്‍ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വി.എസിന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഏറെക്കാലമായി പൊതുരംഗത്ത് നില്‍ക്കുന്ന വി.എസിനെപ്പോലൊരു വ്യക്തിക്ക് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്. വി.എസ് നല്‍കിയ ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വി.എസിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. റൌഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സിബിഐ അന്വേഷണമായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ കൂടി കക്ഷിയാകേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.
കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനിടെ, ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകും. നാളെ രാവിലെ കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹാജരാകുകയെന്നാണു വിവരം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി നേരത്തെ നല്കിയപ്പോള്‍ അദ്ദേഹത്തോടു നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു കേസ് പരിഗണിക്കുന്ന നാളെ തന്റെ ഭാഗം വിശദീകരിക്കാന്‍ അദ്ദേഹം നേരിട്ടെത്തുന്നത്.
ഐസ്ക്രീം കേസില്‍ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇതില്‍ ഒന്നിനുമാത്രം പ്രാധാന്യം കൊടുക്കാനാകില്ലെന്നു പറഞ്ഞ കോടതി അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്നു വി.എസിന്റെ അഭിഭാഷകനോടു ചോദിച്ചിരുന്നു. പത്രവാര്‍ത്തകളുടെയും മറ്റും പിന്‍ബലത്തിലാണ് ഇത്തരത്തിലൊരു ഹര്‍ജിയെന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നാല്‍, അന്വേഷണ സംഘത്തിനു കേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവസാനിപ്പിക്കാനാകില്ലെന്നും അന്തിമതീര്‍പ്പിനുള്ള അധികാരം കോടതിക്കാണെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.
Discussion about this post