കോഴിക്കോട് : അമേരിക്കയില്‍ സൈബര്‍കുറ്റകൃത്യം സംബന്ധിച്ച മികച്ച പ്രബന്ധത്തിനുള്ള ചുരുക്കപ്പട്ടികയില്‍ കോഴിക്കോടുകാരനായ പി.വിനോദ് ഭട്ടതിരിപ്പാട് നേരത്തേതന്നെ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കിയില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സിന്റെ അന്തര്‍ദ്ദേശീയ ശില്‍പശാലയുടെ ചെയര്‍മാനായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 36-ാമത് ഐ.ഇ.ഇ.ഇ വാര്‍ഷിക സമ്മേളനം ജൂലൈ 6 ന് തുര്‍ക്കിയില്‍ നടക്കുന്ന ശില്‍പശാലയില്‍ വിനോദ് ഭട്ടതിരി പ്രബന്ധം അവതരിപ്പിക്കും.
കോഴിക്കോട് തിരുത്തിയാട് പൊല്‍പായ മനയില്‍ പി.എം.കെ.ഭട്ടതിരിപ്പാടിന്റെയും ലീല മഴവഞ്ചേരിയുടെയും മകനായ വിനോദ്, കഴിഞ്ഞ 18 വര്‍ഷത്തിനിടെ നൂറ്റമ്പതോളം സോഫ്ട്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 മുതല്‍ അദ്ദേഹം സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റാണ്. പോലീസും ജുഡീഷ്യറിയും മറ്റ് പല ഏജന്‍സികളും അദ്ദേഹത്തിന്റെ സേവനം തേടാറുണ്ട്. സൈബര്‍കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post