തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. നവരത്‌നം പതിച്ച അനേകം മാലകളും ഇക്കൂട്ടത്തിണ്ട്. രത്‌നങ്ങളുടെ ആകൃതിയിലും പട്ടത്തിലും(പുറമെ കാണുന്ന മിനുസമുള്ള ഭാഗം) വളരെ വ്യത്യസ്തയുള്ളതാണ്. പല വലിപ്പത്തിലുള്ള മരതകശേഖരവും ഇക്കൂട്ടത്തിലുണ്ട്. ആയിരക്കണക്കിന് രത്‌നങ്ങളാണ് എ നിലവറയിലുള്ളത്.
വലിപ്പം കൊണ്ട് ഇവ ശ്രദ്ധേയമാണ്. ശ്രീ ഭണ്ഡാരനിലവറയിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ആറുമാസത്തിലേറെ സമയം വേണമെന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. അപൂര്‍വരത്‌നങ്ങളായതിനാല്‍ ജെര്‍മോളജിസ്റ്റുകള്‍ ഏറെ പണിപ്പെട്ടാണ് മൂല്യനിര്‍ണയം നടത്തുന്നത്.
രത്‌നങ്ങളെക്കുറിച്ച് രണ്ടാം ഘട്ടത്തില്‍ വിശദമായ പരിശോധന നടത്താനും തീരുമാനമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കവും നിര്‍മാണ ശൈലിയും അപൂര്‍വതയും വിശദമായി രേഖപ്പെടുത്തണമെങ്കില്‍ കൂടുതല്‍ വിദഗ്ദ്ധരുടെ സേവനം വേണ്ടി വരും. ഇതിനുള്ള പാനല്‍ സമിതി നേരത്തെ തയാറാക്കിയിരുന്നു. നാല് മാലകളിലെ രത്‌നങ്ങളാണ് രണ്ട് ദിവസം കൊണ്ട് പരിശോധിച്ചത്. മാലകളുടെ ലോക്കറ്റുകളിലാണ് രത്‌നങ്ങള്‍ പതിച്ചിട്ടുള്ളത്.
ഒറ്റവലിയ കല്ലുകള്‍ പതിച്ചവയും നവരത്‌നങ്ങള്‍ പതിച്ചവയും ഇക്കൂട്ടത്തില്‍ പ്പെടും. രത്‌നങ്ങള്‍ മാറ്റിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. പ്രശസ്തമായ ഖനികളില്‍നിന്നുള്ളവയാണോ എന്നും രേഖപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച 22 മാലകളുടെ കൂടി ശാസ്ത്രീയ പരിശോധന നടത്തി.
വ്യാഴാഴ്ച തുറന്ന പെട്ടികളില്‍ നിന്നെടുക്കുന്നവ സ്റ്റീലില്‍ നിര്‍മിച്ച പുതിയ പെട്ടിയിലേക്കാണ് മാറ്റുന്നത്. സി നിലവറ ശക്തിപ്പെടുത്തി ഈ ശേഖരം അതിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുവരെ എ നിലവറയിലുള്ള ശേഖരം അവിടെത്തന്നെ സൂക്ഷിക്കും. വെള്ളിയാഴ്ച പരിശോധിച്ച മാലകള്‍ക്കും പത്ത് പവനോളം ഭാരം വരും.
ശരപ്പൊളി മാലകളാണ് കൂട്ടത്തില്‍ ഏറെയുള്ളത്. അതില്‍ 20 മാലകളും പരിശോധിച്ചു. രണ്ടു പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാലകളുടെ കണക്കെടുപ്പാണ് നടക്കുന്നത്. മാലകളുടെ പരിശോധനയ്ക്ക് വേണ്ടി മാത്രം പൂര്‍ത്തിയാകാന്‍ ഒരു മാസത്തിലേറെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
Discussion about this post