ലളിതാംബിക*
ഈശ്വരസാക്ഷാത്കാരത്തിനുള്ള യജ്ഞമാണ് സാധന. സാധനയില്‍കൂടി പരമാനന്ദപദം എത്താന്‍ സാധാരണക്കാര്‍ക്കും ലൗകികജീവിതം നയിക്കുന്ന മനുഷ്യര്‍ക്കും സാധിക്കും. സാധനയ്ക്ക് രണ്ടുവശങ്ങളുണ്ട്. ആന്തരികബോധം ലൗകികബോധം.
ആന്തരിക പ്രചോദനത്തിനും തെളിച്ചത്തിനും നാമജപം വളരെ അധികം സഹായിക്കും നാമജപം അമൃതനിഷ്യന്ദിയാണ്, നിര്‍വൃതികരമാണ്. പരമപദുവുമായി നമ്മെ പെട്ടെന്ന് ബന്ധിപ്പിക്കുന്ന ഒരു വലിയ ശക്തി വിശേഷമാണ്. ലൗകികജീവിതവും, അതിന്റെ മാസ്മരശക്തിയും അധീനപ്പെടുത്തിയിരിക്കുന്നവര്‍ക്ക് ഈ അലൗകിക ആനന്ദം മനസിലാവില്ല, അനുഭവവേദ്യമാവില്ല. പനിയുള്ള അവസരത്തില്‍, പഞ്ചസാരയുടെ മധുരം അനുഭവവേദ്യമല്ലല്ലോ? അതുപോലെയാണ് ലൗകിക ജീവിത്തതില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് അദ്ധ്യാത്മിക ജീവിതത്തിന്റെ ആസ്വാദ്യത. ആവര്‍ത്തിച്ച് നാമം ജപിക്കുന്നത് അനായാസകരമായ ഒരു പ്രവൃത്തിയാണ്. നാമം ജപിക്കുന്നതിന് പ്രത്യേകമായ ഒരുക്കുകളോ, ബാഹ്യമായ സഹായമോ, ഉപകരണങ്ങളോ, ഒന്നും തന്നെ വേണ്ടതില്ല. ഇതിന് പ്രത്യേക നിയമവുമില്ല. നാമം മാത്രം മതി -മുക്തി സിദ്ധിയ്ക്ക്.
എല്ലാ ചലനങ്ങളും, എല്ലാ പ്രവൃത്തികളും ഈശ്വരനിശ്ചയം കൊണ്ടാണ് നടക്കുന്നത്. ഈ ലോകം മുഴുവന്‍ ഈശ്വരമയമാണ്. ഈശ്വരമാഹാത്മ്യത്തിന്റെ സ്ഫുരണങ്ങളാണ്. ജീവിക്കുകയും ചലിക്കുകയും ചെയ്യുന്നത് ഈശ്വരകൃപകൊണ്ടാണെന്ന് ഉറച്ചുവിശ്വസിക്കുക.
നാമജപത്തിന് യോജ്യമായ ഒരു സമയം നിശ്ചയിക്കുക. അധികം ആരും ശ്രദ്ധ അപഹരിക്കാത്ത ഒരു സമയമെന്നര്‍ത്ഥം. ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണില്‍, സുഖാസനത്തിലിരുന്ന് അരമണിക്കൂര്‍ നാമം ജപിക്കുക. അതിനുശേഷം പതിനഞ്ചുമിനിട്ട് ധ്യാനനിരതനായി ഇരിക്കുക. നിത്യവും ഈ പരിശീലനം തുടരുവാന്‍ മറ്റു കാര്യങ്ങള്‍ തടസ്സം സൃഷ്ടിക്കാതെ ശ്രദ്ധിക്കണം. ചെയ്തിരിക്കുവാന്‍ ന്യായങ്ങളും, കാരണങ്ങളും കണ്ടുപിടിക്കാന്‍ ശ്രമിക്കരുത്.
നിരന്തരമായ പരിശീലനം, ക്രമാനുക്രമമാണെങ്കില്‍, മുക്തിമാര്‍ഗ്ഗം സുഗമമാകും. സമയം കിട്ടുമ്പോഴൊക്കെ നാമം ജപിക്കുന്നത് നല്ല കര്‍മ്മമാണ്. നിത്യവും പരിശീലനം നടത്തേണ്ട 45മിനിട്ടില്‍ ഒരു നിമിഷംപോലും വൃഥാ കളയരുത്. നാല്പത്തിയഞ്ചു നിമിഷത്തെ നാമജപവും, ധ്യാനവും കഴിയുമ്പോള്‍ സ്വര്‍ഗീയാനുഭൂതിയില്‍ ലയിച്ച്, സ്വന്തം ശരീരത്തെപോലും മറയ്ക്കുന്ന മാനസികാവസ്ഥയിലാകണം. ധ്യാനം ചെയ്യുക എന്നുപറഞ്ഞാല്‍ ‘പരമാത്മാവിന്റെ’അപദാനങ്ങളില്‍ ആമഗ്നനാകുക, അതില്‍ ലയിക്കുക എന്നര്‍ത്ഥം. സച്ചിദാനന്ദസ്വരൂപനാണല്ലോ. പരമാത്മാവ് പരമാത്മാവ് സര്‍വവ്യാപിയുമാണല്ലോ? നമ്മുടെ ഉള്ളിലും പുറത്തും പരക്കെ എല്ലാത്തിലും സ്ഥിതി ചെയ്യുന്ന ഈ സത്യസ്വരൂപന്‍ അനന്തനും അപ്രമേയനും അരൂപിയുമാണ്. കൂടുതല്‍ സമയം ധ്യാനനിരതനായി, ഏകാഗ്രതയില്‍ ലയിച്ചിരിക്കുന്ന ഒരാള്‍ക്ക് നിര്‍വൃതിയില്‍ ലയിച്ചിരിക്കാം. മാത്രമല്ല ധ്യാനനിഷ്ഠനായിരിക്കുമ്പോള്‍ മാത്രമല്ല, മറ്റു കാര്യങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും സ്വര്‍ഗീയാനുഭൂതി അനുഭവപ്പെടും.
ധ്യാനനിഷ്ഠനായ വ്യക്തി ആഹാരത്തിലും നിഷ്ഠപാലിക്കണം. ഇല്ലെങ്കില്‍ അത് ധ്യാനത്തെ വിപരീതമായി ബാധിക്കും. അമിതാഹാരം വര്‍ജ്ജ്യം. ഏറ്റവും കുറച്ച് ആഹാരം കഴിക്കുക. കഴിക്കുന്നത് സാത്വികമായ ആഹാരമായിക്കണം. ഈ രീതിയിലുള്ള ആഹാരക്രമീകരണം സാത്വികവികാരങ്ങളും, വിചാരങ്ങളും ഉണ്ടാക്കുമെന്നു മാത്രമല്ല മനസ്സിന് ഏകാഗ്രത ഉണ്ടാകുവാന്‍ സഹായിക്കുകയും ചെയ്യും.
നാമജപവും, ധ്യാനവും നടത്തുമ്പോഴും, നാം ഒരു കാര്യംകൂടി മനസ്സിലുറപ്പിക്കണം. നമുക്കു ചുറ്റും കാണുന്ന സമസ്തവും ഈശ്വരസൃഷ്ടിയാണെന്നും അവയില്‍ കുടികൊള്ളുന്നത്, ഈശ്വര ചൈതന്യമാണെന്നും മനസ്സില്‍ ഉറപ്പിക്കണം. എല്ലാവരെയും സ്‌നേഹിക്കുകയും സഹായിക്കുകയും, പരിചരിക്കുകയും ചെയ്യുക, ഈശ്വരഹിതവും, മതവുമാണെന്ന പൂര്‍ണ്ണവിശ്വാസത്തില്‍-ജാതിക്കും മതത്തിനും രാഷ്ട്രത്തിനും അതീതമായി ഏകത്വത്തില്‍ വിശ്വസിച്ച്, ആരാധിക്കുക. സഹജീവികളെ സ്‌നേഹിക്കാത്ത ഒരാള്‍ ഒരു കാലത്തും ഒരു നല്ല ഈശ്വരവിശ്വാസിയാകില്ല. അവരെ വിശ്വസിക്കുവാനും പറ്റില്ല. നമ്മുടെ നാലുചുറ്റും ഈശ്വരന്‍ തന്നെ! അതിനെ സ്‌നേഹിക്കുക; എന്നുവച്ചാല്‍ ഈശ്വര സൃഷ്ടിയായ എല്ലാത്തിനേയും സ്‌നേഹിക്കുക എന്നര്‍ത്ഥം.
Discussion about this post