റായ്പൂര്‍ (ഛത്തിസ്ഗഢ്): നക്‌സല്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായ ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകള്‍ വീണ്ടും അര്‍ധസൈനികരെ കൂട്ടക്കൊല ചെയ്തു. ഗ്രാമീണ റോഡിന്റെ ഉദ്ഘാടനച്ചടങ്ങില്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ നടത്തിയ കനത്ത വെടിവെപ്പില്‍ 26 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് സി.ആര്‍. പി.എഫ് മേധാവി വിക്രം ശ്രീവാസ്തവ അറിയിച്ചു.
നാരായണ്‍പൂര്‍ ജില്ലയില്‍ ധൗറായി പൊലീസ്‌സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ റോഡ് ഉദ്ഘാടനച്ചടങ്ങിന് കാവല്‍നില്‍ക്കുകയായിരുന്ന 70 അംഗ സി.ആര്‍. പി.എഫ് സംഘത്തെ നൂറോളം വരുന്ന നക്‌സലുകള്‍ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. നക്‌സലുകള്‍ ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ ബന്ദു കാരണം ജനജീവിതം നിശ്ചലമായ നാരായണ്‍പൂരില്‍ പ്രത്യേക സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ടതായിരുന്നു സി.ആര്‍.പി.എഫ് സംഘം.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ്, പച്ചിലക്കാടുകള്‍ചൂടി പതുങ്ങിയെത്തിയ നക്‌സലുകള്‍ മലമുകളില്‍നിന്ന് അപ്രതീക്ഷിത വെടിവെപ്പ് ആരംഭിച്ചത്. ആക്രമണത്തില്‍ ചിതറിപ്പോയ സി.ആര്‍.പി.എഫിന്, അരമണിക്കൂറോളം തുടര്‍ന്ന വെടിവെപ്പ് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. അരുംകൊലക്കുശേഷം വനിതകളടക്കമുള്ള നക്‌സലുകള്‍ സുരക്ഷിതരായി മടങ്ങി.
പരിക്കേറ്റവരെയും മരിച്ചവരേയും വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സാഹചര്യം വിലയിരുത്താന്‍ ഛത്തിസ്ഗഢ് സര്‍ക്കാര്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു.
കഴിഞ്ഞ ഏപ്രില്‍ ആറിന് ഛത്തിസ്ഗഢിലെ ദന്തേവാഡയില്‍ 75 സി.ആര്‍.പി.എഫ് ഭടന്മാരെ നക്‌സലുകള്‍ ഇതേരീതിയില്‍ കൂട്ടക്കൊല ചെയ്തിരുന്നു. മെയ് 17ന് ദന്തേവാഡയില്‍തന്നെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ പൊലിസ് ഓഫീസര്‍മാരുള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ബസ്തറിലെ സുകുമയില്‍നിന്ന് ദന്തേവാഡയിലേക്കുള്ള പ്രധാനപാതയില്‍ കുഴി ബോംബ് സ്‌ഫോടനം നടത്തിയായിരുന്നു കൂട്ടക്കൊല.
Discussion about this post