തിരുവനന്തപുരം: വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തെത്തി. പാട്ടക്കാലാവധി കഴിഞ്ഞ നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ഗണേഷ്‌കുമാറിനെതിരെ പി.സി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചത്.
ഇന്നു നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ഗണേഷ്‌കുമാര്‍ സ്‌പോണ്‍സര്‍ ചെയ്താണ്. മന്ത്രിയുടെ താത്പര്യ പ്രകാരമാണ് അടിയന്തര പ്രമേയം കൊണ്ടു വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ളതായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ പ്രകടനം. പാട്ടക്കാലവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് യുഡിഎഫ് നിയോഗിച്ച സമിതി നിലവിലുണ്ട് ഇക്കാര്യം മന്ത്രി നിയമസഭയില്‍ മറച്ചു വച്ചു. നിയസഭയില്‍ കളവു പറഞ്ഞ മന്ത്രിയ്‌ക്കെതിരെ നടപടി വേണം. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ക്കും കക്ഷിനേതാക്കള്‍ക്കും പരാതി നല്‍കും. യുഡിഎഫിനെ അപമാനിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏതറ്റംവരേയും പോകാന്‍ തയ്യാറാണെന്ന്് പി.സി ജോര്‍ജ് പറഞ്ഞു.
സമാന്യവിവരമുള്ള ആരും പറയാത്ത കാര്യങ്ങളാണ് ഗണേഷ്‌കുമാര്‍ നിയമസഭയില്‍പറഞ്ഞത്. ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇതിന് തന്നെ ക്രൂശിക്കാനാണ് മന്ത്രി ശ്രമിച്ചത്. ചെറുനെല്ലി എസ്റ്റേറ്റിന്റെ കാര്യത്തില്‍ ഗണേഷ്‌കുമാറിനുള്ള താത്പര്യം അച്ഛന്‍ ബാലകൃഷ്ണപിള്ളയോട് ചോദിച്ചാല്‍ മതി അദ്ദേഹം പറഞ്ഞു തരുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
ഗണേഷിനെതിരെ നടപടി എടുത്തില്ലെങ്കില്‍ യുഡിഎഫിന്റെ വില ഇല്ലാതാകും. അതിനു കഴിഞ്ഞില്ലെങ്കില്‍ ഈ പണി നിര്‍ത്തുമെന്നും പി.സി ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post