തിരുവനന്തപുരം: 2012-13 വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ലൈവ് സ്‌റ്റോക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള അംഗീകാരം ലഭിച്ചതായി സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ അറിയിച്ചു. ആദ്യ ഗഡുവായി മൂന്ന് കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരത് പവാറുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഫണ്ട് ലഭ്യക്കിയിട്ടുള്ളത്.
പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളൊഴിച്ച് മറ്റ് പതിനൊന്ന് ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ 50% കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 10000 രൂപയ്ക്ക് പശുവിനെ ഇന്‍ഷ്വര്‍ ചെയ്യാന്‍ കര്‍ഷകന്‍ 154 രൂപ മാത്രം മുടക്കിയാല്‍ മതിയാകും. പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള ടാഗ്ഗിംഗ് ഫീ പൂര്‍ണ്ണമായും പദ്ധതിയില്‍ നിന്നും ലഭ്യമാകും. പശുക്കള്‍ മരണപ്പെട്ടാലും, മറ്റ് അസുഖം മൂലം ഉല്പാദനക്കുറവ് ഉണ്ടായാലും കിടപ്പിലായാലും, പ്രകൃതിക്ഷോഭം മൂലം പശുക്കളെ നഷ്ടമായാലും ഇന്‍ഷ്വറന്‍സ് തുക ലഭ്യമാകും.
കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്തെ എല്ലാ കന്നുകാലികളേയും കൃത്യമായും ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ കൊണ്ട് വരുക എന്നുള്ളതാണ് ഗോസുരക്ഷ പദ്ധതിയുടെ ലക്ഷ്യം. പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ സംസ്ഥാന ബജറ്റില്‍ നിന്നുള്ള വിഹിതമുപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഗോസുരക്ഷ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Discussion about this post