തിരുവനന്തപുരം: വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കി. മാന്യതയുടെ പരിവേഷം കെട്ടി നടക്കുന്ന ഗണേഷ്‌കുമാര്‍ എത്രമാത്രം മോശം സ്വഭാവമുള്ള വ്യക്തിയാണ് എന്നതിന് ജീവിച്ചിരിക്കുന്ന നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ട് എന്ന് വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യു.ഡി.എഫ് യോഗം എത്രയും വേഗം വിളിച്ചു ചേര്‍ക്കണമെന്നും തെളിവുകള്‍ യോഗത്തില്‍ ഹാജരാക്കുമെന്നും ജോര്‍ജ് കത്തില്‍ പറയുന്നുണ്ട്. അഞ്ചുപേജുള്ള കത്തിന്റെ പകര്‍പ്പ് തന്റെ പാര്‍ട്ടി നേതാവും മന്ത്രിയുമായ കെ.എം.മാണിയുടെ അറിവോടെയാണ് സമര്‍പ്പിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം പിതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്‌കുമാര്‍.
സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുമായി കൂട്ടുചേര്‍ന്ന് ഗണേഷ് തന്നെ നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. നെല്ലിയാമ്പതി വിഷയത്തില്‍ തന്നെ വലിച്ചിഴച്ചതില്‍ ദുരൂഹതയുണ്ട്. കൂലിയ്ക്ക് ആളെ വെച്ചാണ് ഗണേഷ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വൈരാഗ്യബുദ്ധിയോടെയാണ് തന്നോട് പെരുമാറുന്നത്. തന്നെ വനംമാഫിയയുടെ ആളായി ചിത്രീകരിക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും ശ്രമിക്കുന്നുവെന്നും പി.സി.ജോര്‍ജ് കത്തില്‍ പറയുന്നു.
നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ കഴിഞ്ഞദിവസം വനംമന്ത്രിയായ ഗണേഷ്‌കുമാറും ചീഫ് വിപ്പ് പദവിയിലുള്ള പി.സി.ജോര്‍ജും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജോര്‍ജിന്റെ പുതിയ കത്ത്.
Discussion about this post