മുംബൈ: ഗുസ്തിതാരവും സിനിമാനടനുമായ ധാരാസിങ് (84) അന്തരിച്ചു. മുംബൈയിലെ ജൂഹുവിലുള്ള വസതിയില്‍ വ്യാഴാഴ്ച രാവിലെ 7.30 ന് ആയിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കോകിലാബെന്‍ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച വീട്ടിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസിനും വിധേയനാക്കിയിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീട്ടിലേക്ക് മാറ്റിയത്.
രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയില്‍ ഹനുമാനായി അഭിനയിച്ചതോടെയാണ് ധാരാസിങ് അഭിനേതാനെന്ന നിലയില്‍ ഏറെ പ്രശസ്തനായത്.
മുത്താരംകുന്ന് പി.ഒ എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് കരീനകപൂറിന്റെ മുത്തച്ഛനായി ‘ജബ് വി മെററ്’ എന്ന ചിത്രത്തിലാണ്. 1959 ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും 68 ല്‍ ലോക ചാമ്പ്യനുമായി. 1983 ല്‍ ഗുസ്തിയില്‍നിന്ന് വിരമിച്ചു. 2003 മുതല്‍ 2009 വരെ രാജ്യസഭാംഗമായിരുന്നു.
പാകിസ്താനിലെ ഗുസ്തി ചാമ്പ്യന്‍ കിംകോങിനെ തോല്‍പിച്ചാണ് ധാരാസിങ് ലോകചാമ്പ്യനായത്. ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ ഇവര്‍ തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്. കോഴിക്കോട് മാനാഞ്ചിറയിലും ഇരുവരും തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്.
1928 ല്‍ അമൃത്സറിലാണ് ധാരാസിങ് ജനിച്ചത്.
Discussion about this post