കൊച്ചി: സ്ഫോടകവസ്തു നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് തയാറാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് നിയോഗിച്ച കമ്മിറ്റി കൊച്ചിയില്‍ യോഗം ചേര്‍ന്നു. കേരള ഡിജിപി ജേക്കബ് പുന്നൂസ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ അംഗങ്ങളായുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളും ഐജിമാരും രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സ്ഫോടക വസ്തുക്കളുടെ കുറ്റകരമായ ഉപയോഗം തടയുന്നതിനുള്ള നിയമ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നു യോഗത്തിനുശേഷം ഡിജിപി മാധ്യമങ്ങളെ അറിയിച്ചു.
രഹസ്യസ്വഭാവമുള്ളതിനാല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല. മനുഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള സ്ഫോടകവസ്തു ഉപയോഗ നിയമമാണു നിലവിലുള്ളത്. പക്ഷേ, ഇതിന്റെ തെറ്റായ ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായ സാഹചര്യത്തിലാണു നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടോ മൂ ന്നോ തവണ യോഗം ചേര്‍ന്ന ശേഷമേ കരടിന് അന്തിമരൂപമാകൂ. നാലുമാസമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
യോഗത്തില്‍ ജേക്കബ് പുന്നൂസിനു പുറമെ ഒഡീഷ എഡിജിപി അഭയ്, മഹാരാഷ്ട്ര ഐജി സുഖ്വിന്ദര്‍ സിംഗ്, ഡല്‍ഹിയിലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പി.എസ്.പുരോഹിത്, ഛത്തീസ്ഗഡ് ഐജി ജെ.പി.സിംഗ്, ജാര്‍ഖണ്ഡ് സ്പെഷല്‍ ബ്രാഞ്ച് ഐജി പ്രഡ്ഹാന്‍, മധ്യപ്രദേശ് ഐജി അന്‍വേഷ്, കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാര്‍ എന്നിവരും പങ്കെ ടുത്തു.
Discussion about this post