ന്യൂദല്‍ഹി: എം.ബി.ബി.എസ് അടക്കമുള്ള ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യമാകെ ഏകീകൃത പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) ശിപാര്‍ശ നല്‍കി. ശിപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ നിരവധി എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതേണ്ടിവരുന്ന സാഹചര്യം ഇല്ലാതാവുകയും രാജ്യത്തെ 32,000 മെഡിക്കല്‍ ബിരുദ സീറ്റുകളിലേക്ക് ഒറ്റ പരീക്ഷയിലൂടെ പ്രവേശനം നടക്കുകയും ചെയ്യും. 13,000 ബിരുദാനന്തര ബിരുദ സീറ്റുകളിലേക്കും ഒരു പരീക്ഷ നടപ്പാവും. ഏകീകൃത പൊതുപരീക്ഷയുടെ ചട്ടക്കൂട് രൂപവത്കരിക്കാന്‍ സി.ബി.എസ്.ഇയുമായി എം.സി.ഐ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിനും നീക്കമുണ്ട്.
മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഉന്നതതല സമിതിയുടെ ഇന്നലത്തെ യോഗമാണ് ശിപാര്‍ശ മുന്നോട്ടു വെച്ചത്. എല്ലാ സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളുടെയും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ ബാധകമാക്കണമെന്നാണ് ശിപാര്‍ശ. ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാക്കും. സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ഓരോ സംസ്ഥാനങ്ങളിലും നിലവിലിരിക്കുന്ന സംവരണ രീതി തുടരും. ന്യൂനപക്ഷ ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട എന്നിവയും മെറിറ്റ് അടിസ്ഥാനത്തില്‍ തന്നെ നികത്തണമെന്ന ആശയമാണ് മെഡിക്കല്‍ കൗണ്‍സില്‍ മുന്നോട്ടു വെക്കുന്നത്.
കേന്ദ്ര, സംസ്ഥാന തലത്തിലും സ്വാശ്രയ മാനേജ്‌മെന്റ് തലത്തിലും വേറിട്ട പ്രവേശന പരീക്ഷകള്‍ നടത്തുന്നതു വഴി വിദ്യാര്‍ഥികള്‍ക്കുള്ള പ്രയാസം കണക്കിലെടുത്ത് ദേശീയ പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന നിര്‍ദേശം മാനവശേഷി മന്ത്രി കപില്‍ സിബല്‍ ഈയിടെ മുന്നോട്ടുവെച്ചിരുന്നു. ഇതിന് പച്ചക്കൊടി കാണിച്ചാണ് മെഡിക്കല്‍ കൗണ്‍സില്‍ ശിപാര്‍ശ. മെഡിക്കല്‍ പ്രവേശനത്തിലെ അഴിമതി തടഞ്ഞ് സുതാര്യത ഉറപ്പാക്കാന്‍ കോമണ്‍ എന്‍ട്രന്‍സ് സഹായിക്കുമെന്ന് കൗണ്‍സില്‍ വിലയിരുത്തുന്നു.
നിലവിലെ രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോഴ്‌സില്‍ ചേരുന്നതിന് ഒരു ഡസന്‍ പരീക്ഷകള്‍ എഴുതേണ്ടി വരുന്നുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഉന്നതതല സമിതി അധ്യക്ഷന്‍ ഡോ. എസ്.കെ. സരിന്‍ പറഞ്ഞു. പൊതുപരീക്ഷ സംബന്ധിച്ച് കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡുമായി (സി.ബി.എസ്.ഇ) മെഡിക്കല്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തുന്നതായും നിര്‍ദേശത്തോട് അവര്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യ വിദ്യാഭ്യാസം ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നടക്കുന്നതാണ് ഉചിതമെന്ന് ചോദ്യത്തിന് മറുപടിയായി സരിന്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ആരോഗ്യ, മാനവശേഷി വികസന മന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് ഇത്.
എം.സി.ഐ അധ്യക്ഷന്‍ കേതന്‍ ദേശായി കോടികളുടെ അഴിമതിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്. പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഏഴംഗ ഉന്നതതല സമിതിയാണ് (ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്) ഇപ്പോള്‍ എം.സി.ഐയുടെ ഭരണനിയന്ത്രണം നിര്‍വഹിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് ദേശീയ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ അധികാരപ്പെട്ട സമിതിയാണ് മെഡിക്കല്‍ കൗണ്‍സില്‍. അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷക്ക് കൗണ്‍സിലിന്റെ പഴയ ഭരണ സമിതിയും ശിപാര്‍ശ ചെയ്തിരുന്നു. സുപ്രീംകോടതിയും ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
Discussion about this post