മൂന്നാര്‍: പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവല്‍ക്കരിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയപ്രമേയം. താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ക്ക് പുതിയ പാര്‍ട്ടി രൂപവല്‍ക്കരിച്ചു പ്രവര്‍ത്തിക്കാന്‍ നേതൃയോഗം അനുമതി നല്‍കി. എന്നാല്‍ വിശാല ഹിന്ദു ഐക്യത്തെപ്പറ്റി പ്രമേയത്തില്‍ പരാമര്‍ശമില്ല. എസ്എന്‍ഡിപി സ്വയം രാഷ്ട്രീയ പാര്‍ട്ടി ആകണമെന്ന ആവശ്യം പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി കൂടിയ അടിയന്തര കൗണ്‍സിലാണ് പ്രമേയം തയാറാക്കിയത്.
രാഷ്ട്രീയ സമ്മര്‍ദശക്തിയായി മാറുക, നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ വിശാലമായ ഐക്യത്തിനു നേതൃത്വം നല്‍കുക, നായരീഴവ ഐക്യം യാഥാര്‍ഥ്യമാക്കുക, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്നീ അഞ്ചു നിര്‍ദേശങ്ങളായിരുന്നു രാഷ്ട്രീയ നയസമീപന രേഖയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ചത്.
എന്നാല്‍ താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് നേതൃയേഗം അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്. നിലവിലെ സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ പോരാടാന്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ സമാനചിന്താഗതിക്കാരുടെ കൂട്ടായ്മ വേണമെന്നും ഇതൊരു മതേതര ജനാധിപത്യസ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമാകണമെന്ന് എസ്എന്‍ഡിപി ആഗ്രഹിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ എന്‍എസ്എസുമായി ചേര്‍ന്നുള്ള വിശാല ഹിന്ദു ഐക്യത്തെക്കുറിച്ച് പ്രമേയത്തില്‍ സൂചിപ്പിക്കുന്നില്ല.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ ശക്തി പ്രകടിപ്പിക്കണമെന്നു ഭൂരിപക്ഷം ഭാരവാഹികളും അഭിപ്രായപ്പെട്ടപ്പോള്‍, വിശാല ഹൈന്ദവ ഐക്യം എന്ന നിലപാടില്‍ വെള്ളാപ്പള്ളി നടേശന്‍ ഉറച്ചുനിന്നു. എന്‍എസ്എസുമായി കൈകോര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നടപടികളുമായി മുന്നോട്ടു പോകണമെന്നും പ്രതിനിധികള്‍ വാദിച്ചു. ഇതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അടിയന്തര കൗണ്‍സില്‍ ചേരുകയായിരുന്നു.
Discussion about this post