ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് ഹൗസിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമായാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ എട്ട് എം.എല്‍.എ.മാര്‍ക്കും ഡല്‍ഹിയില്‍ വോട്ടുചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കേരളത്തില്‍നിന്നുള്ള എം.എല്‍.എ. തോമസ് ഐസക്കും ഉള്‍പ്പെടും. സംസ്ഥാനത്തെ എല്ലാ എം.പി.മാരും ഡല്‍ഹിയിലാണ് വോട്ടു ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ എം.പി.മാരും കൊല്‍ക്കത്തയിലും വോട്ട് രേഖപ്പെടുത്തും. പാര്‍ലമെന്റ് മന്ദിരത്തിലെ 63 ാം നമ്പര്‍ മുറിയാണ് പോളിങ് സ്‌റ്റേഷനായി മാറ്റിയിട്ടുള്ളത്. വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം.
യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയും പ്രതിപക്ഷ സ്ഥാനാര്‍ഥി പി.എ.സാങ്മയും തമ്മിലാണ് മത്സരം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ബാലറ്റ് പെട്ടികള്‍ വെള്ളിയാഴ്ച തന്നെ ഡല്‍ഹിയില്‍ എത്തുമെന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസറും രാജ്യസഭാ സെക്രട്ടറി ജനറലുമായ വി.കെ.അഗ്‌നിഹോത്രി പറഞ്ഞു. ജൂലായ് 22 ന് രാവിലെ 11 ന് വോട്ടെണ്ണല്‍ നടക്കും. എം.പി.മാരും എം.എല്‍.എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. 77 പേരൊഴികെ എല്ലാ എം.പി.മാരും പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ട് ചെയ്യും.
Discussion about this post