മുംബൈ: അഭിനയചാതുരുയുള്ള ബോളിവുഡിലെ സൂപ്പര്‍ താരം രാജേഷ് ഖന്ന (69) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ഡിംപിള്‍ കപാഡിയയും മക്കളായ ട്വിങ്കിളും റിങ്കിയും മരുമകന്‍ അക്ഷയ്കുമാറും സമീപമുണ്ടായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായിരുന്ന ഖന്ന രണ്ടുദിവസംമുമ്പാണു ആശുപത്രി വിട്ടത്. ഖന്ന കോണ്‍ഗ്രസ് ടിക്കറ്റില്‍ 1992ല്‍ ന്യൂഡല്‍ഹിയില്‍നിന്നു ലോക്‌സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സിനിമരംഗത്തെ പ്രമുഖരും ആരാധകരും രാജേഷ് ഖന്നയുടെ മരണവാര്‍ത്ത നിറകണ്ണുകളോടെയാണു അറിഞ്ഞത്. ബാന്ദ്രയിലെ ആശിര്‍വാദ് ബംഗ്‌ളാവിലേക്ക് ആയിരക്കണക്കിനാളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാജേഷ് ഖന്നയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രിമാരും അനുശോചിച്ചു.
കനത്ത മഴയെ വകവയ്ക്കാതെ ഒട്ടേറെ ആരാധകര്‍ രാജേഷ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും വിലാപയാത്ര പോകുന്ന വഴിയിലും ശശ്മാനത്തിലും എത്തിയിരുന്നു.
കാര്‍ട്ടര്‍ റോഡിലുള്ള ‘ആശീര്‍വാദ്‌വീട്ടില്‍ നിന്ന് വിലെ പാര്‍ലെയിലെ പരംഹംസ് ശശ്മാനത്തിലേക്കുളള യാത്രയില്‍ ബോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത ആരാധകബാഹുല്യമാണ് ഉണ്ടായത്. മൃതദേഹത്തിനൊപ്പം ഭാര്യ ഡിംപിള്‍ കപാഡിയയും മക്കളായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന മരുമക്കളായ അക്ഷയ്കുമാര്‍, സമീര്‍ സരണ്‍ ട്വിങ്കിളിന്റെ മകന്‍ ആരവ് തുടങ്ങിയവര്‍ അനുഗമിച്ചു. ആരവ് ആണ് ചിതയ്ക്കു തീകൊളുത്തിയത്. ബോളിവുഡ് സിനിമാ ലോകത്തു നിന്ന് കരണ്‍ ജോഹര്‍, റാണി മുഖര്‍ജി, കരിഷ്മ കപൂര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ ശശ്മാനത്തിലെത്തിയിരുന്നു.
1942ല്‍ അമൃത്സറിലായിരുന്നു ജതിന്‍ ഖന്ന എന്ന രാജേഷ് ഖന്നയുടെ ജനനം. 1965ല്‍ ഫിലിം ഫെയറിന്റെ ടാലന്റ് ടെസ്‌റ് വിജയിച്ചതിനെത്തുടര്‍ന്ന് 1966ല്‍ ‘ആഖ്‌റി ഖത്’ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 1969 മുതല്‍ 1972 വരെ അദ്ദേഹത്തിന്റേതായി തുടര്‍ച്ചയായി 15 ഹിറ്റ് ചിത്രങ്ങള്‍ വന്നു. ഹിന്ദിസിനിമയില്‍ സൂപ്പര്‍താരവിശേഷണം ആദ്യമായി ലഭിച്ചയാളാണു രാജേഷ് ഖന്ന.
ദിലീപ്കുമാര്‍, ദേവ് ആനന്ദ്, രാജ്കപൂര്‍ ത്രയങ്ങള്‍ ബോളിവുഡിനെ അടക്കിഭരിച്ചിരുന്ന കാലത്താണു രാജേഷ് ഖന്നയെന്ന റൊമാന്റിക് നായകന്‍ അരങ്ങെത്തെത്തിയത്. 1969ല്‍ ഷശര്‍മിള ടാഗോറുമൊത്ത് അഭിനയിച്ച ‘ആരാധന’ അദ്ദേഹത്തെ സൂപ്പര്‍താരപദവിയിലെത്തിച്ചു. ബോളിവുഡില്‍ കൊള്ളിമീന്‍പോലെ അദ്ദേഹം ഉദിച്ചുയര്‍ന്നു. നാലു പതിറ്റാണ്ടിനിടെ മൊത്തം 160 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതില്‍ 106 ചിത്രങ്ങളിലും നായകനായിരുന്നു.
മൂന്നുവട്ടം ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുള്ള രാജേഷ് ഖന്നയ്ക്ക് 2005ല്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. 197678 കാലമായപ്പോഴേക്കും അദ്ദേഹത്തിന്റെ സിനിമകള്‍ വിജയപഥത്തില്‍നിന്നകന്നു. പിന്നീടദ്ദേഹം അമാദോ, ഫിര്‍ വോഹി രാത്, ദര്‍ദ്, ധന്‍വാന്‍, അവതാര്‍, അഗര്‍ തും നാ ഹോത്തെ തുടങ്ങിയ വാണിജ്യേതര സിനിമകളിലാണു മുഖം കാണിച്ചത്.
1983ല്‍ അവതാറിലൂടെ രാജേഷ് ഖന്ന തിരിച്ചുവരവു നടത്തി. ‘ബോംബെ സൂപ്പര്‍സ്‌റാര്‍’ എന്ന പേരില്‍ ബിബിസി അദ്ദേഹത്തെക്കുറിച്ചു ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്. ‘ബോബി’ എന്ന ഹിറ്റിലൂടെ ബോളിവുഡിലെത്തിയ ഡിംപിള്‍ കപാഡിയയെ 1973ല്‍ രാജേഷ് ഖന്ന ജീവിതസഖിയാക്കി. രാജേഷ്ഡിംപിള്‍ ദമ്പതികള്‍ക്കു രണ്ടു പെണ്‍മക്കളാണുള്ളത്.
Discussion about this post