മുംബൈ: മുംബൈ-കസാര പാതയിലെ ഖാര്‍ദി സ്‌റ്റേഷനു സമീപം വിദര്‍ഭ എക്‌സ്പ്രസും ലോക്കല്‍ ട്രെയിനും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്.
പോലീസും റയില്‍സുരക്ഷാ സേനയും ഉള്‍പ്പടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് കല്യാണ്‍-കസാര സെക്ഷനില്‍ നിര്‍ത്തിവച്ച ഗതാഗതം നാളെ രാവിലെയോടെയേ പൂര്‍ണമായി പുനസ്ഥാപിക്കാനാവുകയുള്ളൂ എന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. മണ്ണിടിഞ്ഞ് ട്രാക്കില്‍ വീണതിനെത്തുടര്‍ന്ന് പാളം തെറ്റിയ കസാര-മുംബൈ ലോക്കല്‍ ട്രെയിനില്‍ വിദര്‍ഭ എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നു. ലോക്കല്‍ ട്രെയിനില്‍ നിന്നുള്ള മുന്നറിയിപ്പ് ലൈറ്റുകള്‍ കണ്ട് വിദര്‍ഭ എക്‌സ്പ്രസ് എമര്‍ജന്‍സി ബ്രേക്ക് ചെയ്‌തെങ്കിലും വളരെ അടുത്തായതിനാല്‍ നിയന്ത്രിക്കാനായില്ല. കൂട്ടിയിടിയിലും മണ്ണിടിച്ചിലും ലോക്കല്‍ ട്രെയിനിന്റെ 11 ബോഗികള്‍ പാളം തെറ്റി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സാരമല്ലാത്ത പരുക്കേറ്റവര്‍ക്ക് 25,000 രൂപയും വീതം ധനസഹായം പ്രഖ്യാപിച്ചു.
Discussion about this post